പ്രളയത്തില്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ കര്‍ഷകന് പഞ്ചായത്തിന്റെ കൈത്താങ്ങ്
അന്തിക്കാട്: പ്രളയത്തില്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനൊരുങ്ങുന്ന കര്‍ഷകന് പഞ്ചായത്തിന്റെ കൈത്താങ്ങ്.
അന്തിക്കാട് കല്ലിട വഴിയില്‍ കോള്‍ പടവിനു സമീപം താമസിക്കുന്ന പാരമ്പര്യ കര്‍ഷകന്‍ കുന്നത്ത് ഗോപാലകൃഷ്ണനെ സഹായിക്കാനാണ് പഞ്ചായത്തധികൃതര്‍ മുന്നിട്ടിറങ്ങിയത്.ഗോപാലകൃഷ്ണന്റെ വീടും ഏക്കര്‍ കണക്കിന് കൃഷിയും മഴക്കെടുതിയില്‍ പൂര്‍ണമായും നശിച്ചിരുന്നു. വീടു നഷ്ടപ്പെട്ട ഇയാള്‍ ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട ഗോപാലകൃഷ്ണന് ആത്മവിശ്വാസം കൈവിടാതെ കൃഷിയിറക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.കൃഷിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് ഇയാള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ പ്രളയം ഗോപാലകൃഷ്ണന്റെ മുഴുവന്‍ കണക്കുകൂട്ടലുകളേയും തെറ്റിച്ചു. വിളവെടുപ്പിന് ഒരുങ്ങിയ ഏക്കര്‍ കണക്കിന് നെല്‍കൃഷിയും ഓണവിപണി ലക്ഷ്യമിട്ടു കൃഷിയിറക്കിയ രണ്ടേക്കര്‍ സ്ഥലത്തെ വാഴക്കൃഷിയും പൂര്‍ണമായും നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇയാള്‍ക്കുണ്ടായത്. കാല്‍ നൂറ്റാണ്ടിലേറെയായി മണ്ണിനെ സ്‌നേഹിച്ച് കൃഷിപ്പണിയിലേക്കിറങ്ങിയ കര്‍ഷകനാണ് ഗോപാലകൃഷ്ണന്‍. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അതിജീവനത്തിനായി തരിശുഭൂമി പച്ചക്കറി കൃഷി പദ്ധതിയില്‍ ഗോപാലകൃഷ്ണനെ പഞ്ചായത്ത് ഉള്‍പ്പെടുത്തി. കൃഷിഭവന്റെ സഹായത്തോടെ പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്ത് പയര്‍, പടവലം, പാവയ്ക്ക എന്നിവ ഇനി ഇയാള്‍ കൃഷി ചെയ്യും. നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍ അധ്യക്ഷനായി. ദിവാകരന്‍ വാലത്ത്, ടി.കെ മാധവന്‍, എ.ടി ഗ്രേസി, സുമ സന്തോഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."