ഉംറ വിസക്കാര്‍ക്ക് ഇനി സഊദിയില്‍ എവിടെയും സഞ്ചരിക്കാം
നിലവിലെ വിലക്ക് നീക്കി ഭേദഗതി വരുത്തിയത് 1983ലെ നിയമം
തീരുമാനം സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയില്‍
റിയാദ്: ഉംറ വിസയില്‍ പുണ്യഭൂമികളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മക്ക, മദീന നഗരികളിലൊഴികെ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.
സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
വിദേശികള്‍ക്ക് ഏറെ ആശ്വാസമാകുന്ന നിയമം പ്രാബല്യത്തില്‍ ആകുന്നതോടെ ഉംറ വിസയിലെത്തുന്നവര്ക്കിനി സഊദിയിലെ ഏതു ഭാഗത്തുമുള്ള തങ്ങളുടെ ബന്ധുക്കളുടെ അടുത്തേക്ക് സന്ദര്‍ശിക്കാനും മറ്റു ചരിത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനും സാധിക്കും.
നിലവില്‍ ഉംറ തീര്‍ഥാടകര്‍ മക്ക, മദീന, ജിദ്ദ നഗരികള്‍ ഒഴികെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമായിരുന്നു. എന്നാല്‍ മറ്റു നിബന്ധനകളൊന്നും തന്നെ ഇതിനു പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
1404 മുഹറം ഒന്നിന് (1983 ഒക്ടോബര്‍ 7) ആണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്കും പുറമേയുള്ള ഭാഗങ്ങളിലേക്ക് വിലക്കു വന്നത്.
ഉംറ വിസയിലെത്തി ജോലിയില്‍ പ്രവേശിച്ചു സഊദിയില്‍ കൂടുന്നതിനാലായിരുന്നു അത്തരമൊരു തീരുമാനം അന്നു കൈകൊണ്ടിരുന്നത്. ഇരുനഗരികളും വിട്ടു മറ്റുള്ള കേന്ദ്രങ്ങളിലേക്കുള്ള അനുവാദം നല്‍കുമെങ്കിലും ഉംറക്കാര്‍ക്കുള്ള മറ്റു നിബന്ധനകള്‍ അതേപടി തുടരും.
അനധികൃതമായി തങ്ങിയാല്‍ വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ഇത്തരക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷയും ഉണ്ടാകും. ഇക്കഴിഞ്ഞ എപ്രില്‍ 23ന് ഉംറക്കാര്‍ക്കുള്ള ഇതര നഗര വിലക്ക് നീക്കാന്‍ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."