കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി: പൈനൂര്‍ നിവാസികള്‍ക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ നിവാസികള്‍ക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. ഏറെ കാലങ്ങലായി തുടരുന്ന പൈനൂര്‍ നിവാസികളുടെ കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.
കടലായിക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്നസെന്റ് എം.പി നിര്‍വ്വഹിച്ചതോടെയാണ് പൈനൂര്‍ നിവാസികളുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് തിരി തെളിഞ്ഞത്. എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ പല്ലയിലുള്ള കടലായിക്കുളത്തില്‍ നാലര മീറ്റര്‍ വ്യാസത്തില്‍ കിണര്‍ നിര്‍മിച്ച് അഞ്ച് കുതിര ശക്തിയുള്ള മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കുകയും വെള്ളം ശുദ്ധീകരിച്ച് നാലരക്കിലോമീറ്റര്‍ ദൂരത്തില്‍ വിതരണക്കുഴലുകളും പൊതുടാപ്പുകളും സ്ഥാപിച്ച് കടുത്ത കുടിവെള്ള ക്ഷാമം പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മൂന്നു വാര്‍ഡുകളിലെ പ്രദേശങ്ങളില്‍ ആവശ്യത്തിന് വിതരണക്കുഴലുകളും ടാപ്പുകളും സ്ഥാപിച്ച് മുവ്വായിരത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ നാട്ടിക ഫര്‍ക്ക ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നുമാണ് ഇവിടേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍ കുറച്ചു കാലങ്ങളായി വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകളില്‍ മര്‍ദ്ദം കുറഞ്ഞതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിയിരുന്നില്ല. ജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടേണ്ട സ്ഥിതിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നേതൃത്തത്തില്‍ കടലായിക്കുളം കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്നസെന്റ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അവുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കേരള ജല അതോരിറ്റിക്കാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. പൈനൂര്‍ പല്ലയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വാട്ടര്‍ അതോരിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍, പഞ്ചായത്ത് സെക്രട്ടറി പി.വൈ സാജിത, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വന്‍, പഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീതാ മോഹന്‍ദാസ്, ടി.വി മനോഹരന്‍, രഞ്ജിനി സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബേബി ശിവദാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എം അഹമ്മദ്, പി.വി മോഹനന്‍, ടി.എ അബ്ദുല്‍ മജീദ്, ജ്യോതിബാസ് തേവര്‍കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."