എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.
സ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തിലെ എല്ലാ ക്ലാസുകളും കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി നടക്കുകയാണ്. അതു ഈ നിലയില്‍ തുടരും.
കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.
കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."