ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും
പൊന്നാനി: 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലോര മേഖല പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിന് ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ മൂന്നോടിയായി ലക്ഷങ്ങള്‍ ചെലവഴിച്ച് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വലിയ കേടുപാടുകള്‍ ഉള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. കരയിലേക്ക് കൊണ്ടു വന്ന് അറ്റകുറ്റപ്പണി നടത്തുന്ന ഈ ബോട്ടുകള്‍ കടലിലിറങ്ങാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കണം.
ട്രോളിംഗ് നിരോധനം കഴിയുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ഹാര്‍ബറില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് കുളച്ചിലില്‍ നിന്നുള്ളവരാണ് ഏറിയ പങ്കും. ബംഗാളികളും കൊല്ലം സ്വദേശികളും ഉണ്ട്. മീന്‍പിടുത്തത്തിന് നിരോധനം വന്നതോടെ ഇവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോവുകയായിരുന്നു. കടലില്‍ പോകുന്നതിന്റെ മുന്നോടിയായി ബോട്ടുകളില്‍ വല, ജി.പി.എസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് എന്നിവ സ്ഥാപിച്ചു തുടങ്ങി. ട്രോളിംഗ് നിരോധനം വന്നതോടെ ഇതെല്ലാം അഴിച്ചെടുത്ത് സുരക്ഷിത സ്ഥലങ്ങളിലായിരുന്നു. മല്‍സ്യ മേഖലയില്‍ എക്കാലത്തേയും മോശമായ സീസണായിരുന്നു ട്രോളിംഗ് നിരോധനത്തിനു മുമ്പുണ്ടായിരുന്നത്. വെറും കൈയോടെ മടങ്ങിയെത്തിയ ദിനങ്ങളായിരുന്നു കൂടുതല്‍. ഇത്തവണ കാര്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകള്‍. ജില്ലയിലെ പ്രധാന തുറമുഖമായ പൊന്നാനിയില്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ മണല്‍തിട്ടയിലിടിച്ചും കടലാക്രമണത്തില്‍ പെട്ടും ആറോളം യാനങ്ങള്‍ തകര്‍ന്നിരുന്നു. ഇതു തന്നെയാണ് ബോട്ടുകാര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതും. മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയാറായിട്ടില്ല. ഇത്തവണ ട്രോളിംഗ് നിരോധന കാലയളവില്‍ പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്ക് കാര്യമായി മല്‍സ്യങ്ങള്‍ കിട്ടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചാകരയും കുറവായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഓരോ ബോട്ടിനും ലക്ഷങ്ങളാണ് ചെലവ് വന്നിട്ടുള്ളത്. കടല്‍ കനിഞ്ഞില്ലെങ്കില്‍ ഇതൊന്നും തിരിച്ച് പിടിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."