ലീഗ് കോട്ടകള്‍ കുലുങ്ങിയില്ല, പക്ഷേ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും വലിയ പാഠങ്ങളാണ് പകര്‍ന്നുനല്‍കുന്നത്. എക്കാലത്തെയുംപോലെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന് തങ്ങളുടെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും ആജ്ഞകളും അതേപടി അനുവര്‍ത്തിച്ചുപോരുന്ന അനുയായികളുടെ സംഘശക്തിയാണ് മുസ്‌ലിം ലീഗ് നേടിയ വിസ്മയഭരിതമായ വിജയത്തിന്റെ അടിസ്ഥാനം. തെരഞ്ഞെടുപ്പ് ആരവം ഉയരുംമുന്‍പ് തന്നെ മൂന്നുതവണ മത്സരിച്ചവര്‍ ഇനിയൊരു അങ്കത്തിനു കച്ചമുറുക്കേണ്ടെന്നും തീരുമാനം മാറ്റാന്‍ സമ്മര്‍ദപ്പടയുമായി പാര്‍ട്ടി ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം ലീഗ് ഒന്നാം റൗണ്ട് വിജയം നേടിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. അവരില്‍ ഏറെയും യുവാക്കളുമായിരുന്നു.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എണ്ണയിട്ട യന്ത്രംപോലെ യു.ഡി.എഫ് വിജയത്തിനുവേണ്ടി അണികള്‍ അക്ഷീണം പ്രയത്‌നിച്ചതിനാല്‍ എല്‍.ഡി.എഫ് തേരോട്ടത്തിലും ഒരു പോറല്‍പോലും ലീഗിന് ഏറ്റില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മത്സരത്തില്‍ വിജയിച്ച കുട്ടി ആഹ്ലാദത്തോടെ സ്വര്‍ണക്കപ്പുമായി വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ അവനെ എതിരേല്‍ക്കാന്‍ ആരുമില്ലാതെ വീടാകെ മ്ലാനതയില്‍ മുങ്ങിയ അവസ്ഥ പോലെയായിരിക്കുന്നു യു.ഡി.എഫിന്റെ അകത്തളം.
യു.ഡി.എഫിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ഒരു തോല്‍വിയും ഗുണപാഠമാകുന്നില്ല. നിരവധി പാര്‍ട്ടികളുടെയും താല്‍പര്യങ്ങളുടെയും സങ്കലനമാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടിസ്ഥാനങ്ങളും മത്സരിക്കുന്നതിനു സീറ്റുകളും വീതംവച്ച് കൊടുക്കുന്നതില്‍ മാത്രമാണ് നേതൃത്വത്തിനു താല്‍പര്യം. സ്വന്തം സ്ഥാനാര്‍ഥിക്കെതിരേ വിമതനെ നിര്‍ത്തി മത്സരിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ഉന്നത നേതാക്കളെ കേരളത്തിലെ കോണ്‍ഗ്രസിലല്ലാതെ എവിടെയാണ് കാണാന്‍ കഴിയുക. ഇളകിയ അടിത്തറപോലും കാണാന്‍ കഴിയാതെ അടിത്തറ ഇളകിയിട്ടില്ലെന്ന് ഊറ്റംകൊള്ളുന്നതില്‍നിന്ന് കോണ്‍ഗ്രസ് ഇനിയും ആത്മപരിശോധനയ്ക്ക് തയാറായിട്ടില്ലെന്നാണു വ്യക്തമാകുന്നത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും എവിടെയാണ് പിഴവെന്ന് കണ്ടെത്തി പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്നും സ്ഥിരമായി പറയുന്നതാണ്. അതുതന്നെയാണ് കഴിഞ്ഞദിവസവും പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചത്.
കോണ്‍ഗ്രസ് കേരളത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നേതൃത്വം ഇതുവരെ സന്നദ്ധമായിട്ടില്ല. താഴേത്തട്ടില്‍ പാര്‍ട്ടിപ്രവര്‍ത്തനം ഇല്ലെന്ന വസ്തുത നേതൃത്വം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാര്‍ഡുതലം മുതല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പിസമാണ്. ഒരു ബുള്ളറ്റ് ട്രെയിന്‍ നിറയ്ക്കാന്‍ മാത്രം കെ.പി.സി.സി ഭാരവാഹികളുടെ കനത്തഭാരം ഇന്ദിരാഭവനു വഹിക്കേണ്ടിവരുന്നു. പാര്‍ട്ടി നേരിടുന്ന അടിസ്ഥാന ദൗര്‍ബല്യങ്ങളെക്കുറിച്ച് ആലോചിച്ച് നടപടിയെടുക്കാതെയും താഴേത്തട്ട് മുതല്‍ സംഘടനാശക്തി വര്‍ധിപ്പിക്കാതെയും കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം മുന്‍പോട്ട് പോകാന്‍ കോണ്‍ഗ്രസിനു കഴിയില്ല. നേതാക്കള്‍ തമ്മിലുള്ള പഴിപറച്ചില്‍ ആദ്യം അവസാനിപ്പിക്കണം. വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള സംഘടനകളെ ഒപ്പംകൂട്ടുന്നത് മതേതര, ജനാധിപത്യ വിശ്വാസികളെ യു.ഡി.എഫില്‍നിന്ന് അകറ്റുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ സഹകരണം തേടുന്നത് മതേതര, ജനാധിപത്യ പാര്‍ട്ടിയായ മുസ്‌ലിം ലീഗിനെയായിരിക്കും പ്രതികൂലമായി ബാധിക്കുക. ഇതര സമുദായങ്ങളിലും സംഘടനകളിലും മുസ്‌ലിം ലീഗ് സ്വീകാര്യമാകുന്നത് അതിന്റെ മതനിരപേക്ഷമായ നിലപാട് കൊണ്ടാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് വലിയൊരു ഭാഗം വോട്ട് ഇടതുമുന്നണിയിലേക്ക് പോകാന്‍ ഇടയായിയെന്ന വസ്തുതയും മറക്കരുത്.
യു.ഡി.എഫിന്റെ ഭാഗത്തുണ്ടായ ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അവരുടെ വോട്ട് വര്‍ധിപ്പിച്ചത്. അവര്‍ അവകാശപ്പെട്ട തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോര്‍പറേഷനില്‍ രണ്ടാമത്തെ വലിയ മുന്നണിയാകാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞു. എന്‍.ഡി.എ എന്നാല്‍ ബി.ജെ.പി തന്നെയാണ് കേരളത്തില്‍. ഫാസിസം കൊട്ടും കുരവയുമായല്ല വരുന്നത്. അതു രാഷ്ട്രശരീരത്തില്‍ അരിച്ചുകയറുകയാണെന്ന നിരീക്ഷണത്തെ ശരിവയ്ക്കുന്നതാണ് കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രം അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതല്ല സംഘ്പരിവാര്‍ പ്രവര്‍ത്തനരീതി. വിവിധ പാര്‍ട്ടികളിലെ സാധാരണക്കാരായവരെ സമീപിച്ച് ന്യൂനപക്ഷങ്ങള്‍ അവിഹിതമായി വാരിക്കൂട്ടുകയാണെന്ന തെറ്റായ പ്രചാരണത്തിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയാണ് അവര്‍ സംഘടനാബലം കൂട്ടുന്നത്. ബി.ജെ.പിക്ക് കേരളത്തില്‍ ത്രിതല പഞ്ചായത്തില്‍ ഒരു സീറ്റ് വര്‍ധിക്കുന്നതോടെ അവിടെ മനുഷ്യര്‍ക്കിടയില്‍ വിഭജനം നടക്കുകയാണെന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാവില്ല. ബി.ജെ.പിയുടെ പ്രതിലോമപരമായ പ്രചാരണങ്ങളെ ചെറുക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും തികഞ്ഞ പരാജയമാണ്. അതുകൊണ്ടാണ് ഇരുമുന്നണികളില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പിയുടെ സംഖ്യാബലം കൂടുന്നതും ഇതിനാലാണ്. കഴിഞ്ഞതവണ നേടിയതിന്റെ ഇരട്ടി ഗ്രാമപഞ്ചായത്തുകളുടെ ഭരണം അവര്‍ ഇത്തവണ സ്വന്തമാക്കി. അത്രയും പഞ്ചായത്തുകളിലെ മനുഷ്യര്‍ മാനസികമായി വിഭജിക്കപ്പെടുകയാണ്. നേരത്തെ മുനിസിപ്പാലിറ്റികളില്‍ പാലക്കാട് മാത്രമായിരുന്നു ബി.ജെ.പി ഭരിച്ചിരുന്നതെങ്കില്‍ ഇത്തവണ പന്തളവും അവര്‍ കൈയടക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും അവര്‍ക്ക് ഭരണം കൈയാളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എല്ലായിടത്തും വലിയതോതില്‍ സാന്നിധ്യം ഉറപ്പിച്ചു.
ബി.ജെ.പി കേരളത്തില്‍ വളര്‍ന്നാല്‍ ശാന്തിയും സമാധാനവുമായിരിക്കും ഇല്ലാതാവുക. മതപരമായും സാമൂഹികമായും ജനങ്ങള്‍ വിഭജിക്കപ്പെടുന്ന അവസ്ഥ ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും സംജാതമാകും. രാഷ്ട്രീയത്തില്‍ ബി.ജെ.പി നേടിക്കൊണ്ടിരിക്കുന്ന മേല്‍ക്കൈ കോണ്‍ഗ്രസിനെ മാത്രമല്ല ക്ഷീണിപ്പിക്കുക. മതേതര കാഴ്ചപ്പാടോടെ പരസ്പരം ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന കേരളീയ ജീവിതരീതിയെയും അതു ഗുരുതരമായി ബാധിക്കും. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനു കൈകഴുകാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."