സൗജന്യ ഭക്ഷ്യ കിറ്റ് ഏപ്രില്‍ വരെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ പദ്ധതികളാണ് തുണച്ചതെന്ന വിലയിരുത്തലില്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങളിലേക്ക്. നൂറുദിന കര്‍മ പദ്ധതി അടുത്ത ബുധനാഴ്ച മന്ത്രിസഭ യോഗത്തിനുശേഷം പ്രഖ്യാപിക്കും. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായ ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ വരെ തുടരാനും തീരുമാനിച്ചു.
കഴിഞ്ഞ മന്ത്രിസഭ യോഗം നൂറുദിന കര്‍മ പദ്ധതി ചര്‍ച്ച ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അടുത്തയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കുടിശ്ശികയില്ലാതെ ക്ഷേമപെന്‍ഷന്‍ അതത് മാസം നല്‍കും. രണ്ടിനുമായി വലിയ സാമ്പത്തിക ബാധ്യത നേരിടുമെങ്കിലും, തുടരണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് മാസം 400 കോടിയുടെ അധികച്ചെലവ് ഉണ്ടാകുമെങ്കിലും ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
ഈ മാസം വരെയായിരുന്നു ഭക്ഷ്യ കിറ്റ് വിതരണം തീരുമാനിച്ചിരുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി ആറ് മാസത്തോളം ഭക്ഷ്യ കിറ്റ് എ.പി.എല്‍, ബി.പി.എല്‍ ഭേദമന്യേ നല്‍കുന്നത്.
അതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറിയതെന്ന് സര്‍ക്കാര്‍ കരുതുന്നു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം കഴിഞ്ഞ് ഇതിന്റെയും ഉത്തരവിറങ്ങും. അടുത്ത മാസം മുതലാണ് വര്‍ധനവ്. ഇപ്പോഴുള്ള 1,400 രൂപ 1,500 ആകും.
സര്‍ക്കാരിന്റെ ജനക്ഷേമ, വികസന നേട്ടങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നു. ഇതിനാലാണ് ജനകീയമായ നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ഭവനം ഇതാണ് നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് സൂചന. സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുത്തും. ജനുവരി 15ന് അവതരിപ്പിക്കുന്ന ബജറ്റും ജനകീയമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."