സര്‍ക്കാര്‍ നടപടി സി.പി.എം നേതൃത്വത്തിലുള്ള ആശുപത്രിയെ വളര്‍ത്താനെന്ന് സൂചന
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിലെ കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയും പുതിയ ബാച്ചിന്റെ പ്രവേശനം മരവിപ്പിച്ചും ഡോക്ടര്‍മാരെ സ്ഥലം മാറ്റിയുമുള്ള സര്‍ക്കാര്‍ നടപടി സി. പി. എം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയെ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സൂചന.
ഇതോടെ മെഡിക്കല്‍ കോളജ് അട്ടിമറിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. വി വര്‍ഗീസിന്റെ നേതൃത്വത്തില്‍ തങ്കമണി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് മെഡിക്കല്‍ കോളജ് വിലങ്ങുതടിയാകുമെന്ന വിലയിരുത്തലിലാണ് തുടര്‍പ്രവേശനം മരവിപ്പിക്കുകയും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയുമുള്ള നടപടിയെന്നാണ് ആരോപണം. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന ചെറുതോണിയുടെ സമീപ മേഖലയാണ് തങ്കമണി. സഹകരണ ആശുപത്രിയുടെ ഒരു ശാഖ മെഡിക്കല്‍ കോളജിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള കരിമ്പനിലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു ശാഖ ആരംഭിപ്പിക്കാനിരിക്കുകയാണ്. യു. ഡി. എഫ് നടപ്പാക്കിയ വികസനങ്ങളില്‍ പ്രധാനമെന്നു അവകാശപ്പെടുന്ന മെഡിക്കല്‍ കോളജ് രാഷ്ട്രീയപ്രേരിതമായി ഇല്ലായ്മ ചെയ്യാനാണ് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ ശ്രമമെന്ന യു. ഡി. എഫ് ആരോപണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തടസങ്ങളില്ലാതെ നടന്ന ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇക്കൊല്ലം സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതാണ് ഏറ്റവും പ്രതിഷേധകരം.
രണ്ട് ബാച്ചുകളുടെ പ്രവേശനമാണ് ഇതുവരെ നടന്നത്. ഇതില്‍ ആദ്യബാച്ച് രണ്ടാം വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. മൂന്നാം വര്‍ഷം കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ലാബ് സൗകര്യം വേണം. ഇതില്ലാത്തതിനാല്‍ ആദ്യബാച്ച് കുട്ടികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാറ്റിയിരുന്നു.
ഇപ്പോള്‍ ഒന്നാം വര്‍ഷം പൂര്‍ത്തീകരിക്കുന്ന രണ്ടാം ബാച്ചിലെ കുട്ടികള്‍ മാത്രമാണ് ഇവിടെയുള്ളത്. മതിയായ സൗകര്യങ്ങളില്ലെന്ന കാരണംപറഞ്ഞ് ഇവരെക്കൂടി മാറ്റാനാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. മെഡിക്കല്‍ കോളജ് നിര്‍ത്താലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചു യു. ഡി. എഫ് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇപ്പോള്‍ മാറ്റിയ കുട്ടികളെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം അടുത്തകൊല്ലം തിരികെ കൊണ്ടുവരുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയും നടപടികളില്‍ ദുരൂഹതയും നിഴലിക്കുന്നുണ്ട്.
ചികിത്സാ രംഗത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ ഇടുക്കിയിലെ മെഡിക്കല്‍ കോളജ് ഏതുവിധേനയും തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കേണ്ട സര്‍ക്കാര്‍, കര്‍ത്തവ്യം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നുതന്നെയാണ് വ്യാപകമായ വിമര്‍ശനം.
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശുപത്രികള്‍ ആരംഭിക്കുകയെന്ന മുന്‍ എല്‍. ഡി. എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി പി. കെ ശ്രീമതി ആരോഗ്യ മന്ത്രി ആയിരിക്കേയാണ് തങ്കമണിയില്‍ സഹകരണ ആശുപത്രി ആരംഭിച്ചത്.
അടുത്ത കാലത്താണ് കരിമ്പനില്‍ ആശുപത്രിയുടെ ശാഖ തുടങ്ങിയത്. സി. പി. എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ പ്രധാന ശാഖ ഹൈറേഞ്ചിലെ കട്ടപ്പനയിലും ആരംഭിക്കാനുള്ള ആലോചനയിലാണ്. സഹകരണ ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് മെഡിക്കല്‍ കോളജ് തടസമാകുമെന്ന വാദം ശക്തമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികള്‍. യു. ഡി. എഫും ഇടുക്കി എം. എല്‍. എ റോഷി അഗസ്റ്റിനും അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്ന ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലാതാക്കുകയാണ് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും ഇടുക്കി ജില്ലക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ വൈകുക തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."