ജില്ലാ വികസന സമിതിയോഗം വികസന - ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും
തിരുവനന്തപുരം: ജില്ലയിലെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ ധാരണ. ഓരോ നിയമസഭാ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ നിര്‍ദേശിച്ചിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ അടിയന്തര പ്രാധാന്യം നല്‍കി നടപ്പാക്കും.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ശുദ്ധജലവിതരണം, ആരോഗ്യ മേഖലയില്‍ പ്രത്യേകിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കുറവ് എന്നിവ ഉടന്‍ പരിഹരിക്കും.
പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിപദാര്‍ഥങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണം നടത്തും. ബോധവല്‍കരണ ക്യാംപുകള്‍ സംഘടിപ്പിക്കുകയും കുട്ടികളിലും രക്ഷകര്‍ത്താക്കളിലും ഇത് സംബന്ധിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കത്തക്കവിധമുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. വിവിധ മണ്ഡലങ്ങളിലെ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടുന്ന നടപടികള്‍ സ്വീകരിക്കും. അരുവിക്കര, പേപ്പാറ ഡാമുകളിലെ മണ്ണ് നീക്കി രണ്ട് ഡാമുകളുടെയും സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ നൂറ് വില്ലേജ് ഓഫിസുകളില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത് വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായതായി യോഗം വിലയിരുത്തി. സംവിധാനം ഫലപ്രദമായി നിലവില്‍ വരുത്താന്‍ പരിശ്രമിച്ച എട്ട് വില്ലേജ് ഓഫിസര്‍മാര്‍ക്കും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കും കലക്ടര്‍ എസ്. വെങ്കടേസപതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍ എന്നിവരും എം.പിമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."