ഓര്‍മയായത് ഡല്‍ഹിയുടെ മെട്രോ വുമണ്‍
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മെട്രോ വുമണ്‍ എന്ന് വിളിക്കപ്പെട്ട നേതാവായിരുന്നു ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. ഡല്‍ഹിയെ ലോക നഗരങ്ങളുടെ പട്ടികയിലേക്കുയര്‍ത്തിയ ഡല്‍ഹി മെട്രോ മുതല്‍ ഈ മഹാനഗരത്തിനെ ആധുനികതയിലേക്കുയര്‍ത്തിയ ഓരോന്നിലും ഷീലയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായ ഏക വനിതയായിരുന്നു ഷീലാ ദീക്ഷിത്. തന്റെ ഭരണകാലത്ത് ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ അവര്‍ക്കായി.
സൗമ്യമെങ്കിലും ഉറച്ച തീരുമാനങ്ങള്‍ക്ക് മടിയില്ലാത്ത നേതാവായിരുന്നു അവര്‍. മദന്‍ലാല്‍ ഖുരാന മുഖ്യമന്ത്രിയായിരിക്കെയാണ് ഡല്‍ഹി മെട്രോ എന്ന സ്വപ്നത്തിന് ശില പാകിയത്. പക്ഷേ നിര്‍മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്. ഇന്ന് മെട്രോ സര്‍വിസില്ലാത്ത ദിനം ഡല്‍ഹിക്കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. റോഡുകളും ഫ്‌ളൈ ഓവറുകളും ഒക്കെയായി ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റിയ അടിസ്ഥാന സൗകര്യമേഖലയിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഷീല ദീക്ഷിതിന്റെ ഭരണകാലമായിരുന്നു.
പഞ്ചാബിലെ കപൂര്‍ത്തലയില്‍ 1938 മാര്‍ച്ച് 31നായിരുന്നു ഷീലാ ദീക്ഷിതിന്റെ ജന നം. ഷീലാ കപൂര്‍ എന്നായിരുന്നു പേര്. ബംഗാള്‍ മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാശങ്കര്‍ ദീക്ഷിതിന്റെ മകനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വിനോദ് ദീക്ഷിതിനെ വിവാഹം ചെയ്തതോടെയാണ് ഷീലാ കപൂര്‍, ഷീലാ ദീക്ഷിതാവുന്നത്. ഡല്‍ഹിയിലെ ജീസസ് മേരി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അക്കാലം മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
1984 ല്‍ ഉത്തര്‍പ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിത് 1986 മുതല്‍ 89 വരെ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രിയുമായി. 1998ല്‍ ഈസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പിയുടെ ലാല്‍ബിഹാരി തിവാരിയെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്നത്. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അവര്‍. ഗോള്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് അവര്‍ വിജയിച്ചത്. 1998 മുതല്‍ 2013 വരെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയായത്. 2014ല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെയാണ് അവരെ കേരള ഗവര്‍ണറായി നിയമിച്ചത്.
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് യു.എന്നിലേക്ക് പ്രതിനിധിയായി അയച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവരെ ഡല്‍ഹി പി.സി.സി അധ്യക്ഷയായി നിയോഗിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് നാലിടത്ത് രണ്ടാമതെത്താന്‍ കഴിഞ്ഞു.ഹ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."