രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് വക കാര്‍: വിവാദമാക്കി എല്‍.ഡി.എഫ്
പ്രത്യേക ലേഖകന്‍
പാലക്കാട്: ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് കാര്‍ വാങ്ങിനല്‍കും. 14 ലക്ഷം രൂപയുടെ കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രസീത് അടിച്ച് പണപ്പിരിവ് തുടങ്ങി. 25നകം ഓരോ നിയോജകമണ്ഡലവും രണ്ടുലക്ഷം രൂപ വീതം പിരിച്ചുനല്‍കും.
ആയിരം രൂപയുടെ 1400 കൂപ്പണുകളാണ് അടിച്ചിറക്കിയിരിക്കുന്നത്. അതേസമയം, എം.പിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്നാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എം.പിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ വാഹനവായ്പ നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ടായിട്ടും പണപ്പിരിവ് നടത്തുന്നതിനെതിരേ രാഷ്ട്രീയ എതിരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, രമ്യക്ക് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നതിനെതിരേ നിശിതവിമര്‍ശനവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് വന്‍ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നേരിടേണ്ടിവന്നത്.
വിവാദത്തില്‍പ്പെട്ട സഹോദരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോക്ക് എന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍. ആലത്തൂര്‍ എന്ന സി.പി.എം കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എം.പിക്ക് വാഹനം വാങ്ങിനല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് ചോദിക്കുന്നത്. 25നകം കൃത്യമായി പണം പിരിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ രസീത് തിരികെനല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യാ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ബുക്ക് ചെയ്തുകഴിഞ്ഞു. ഓഗസ്റ്റ് ഒന്‍പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രമ്യാ ഹരിദാസിന് കാറിന്റെ താക്കോല്‍ കൈമാറും.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായ തനിക്ക് പ്രവര്‍ത്തകര്‍ വാഹനംവാങ്ങി തരുന്നതിലും അതിന് പിരിവെടുക്കുന്നതിലും ഒരു തെറ്റുമില്ലെന്ന് രമ്യ ഹരിദാസ് എം.പി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."