ഓണ്‍ലൈന്‍ ലോട്ടറി; വണ്ടൂരില്‍ ഒരാള്‍ പിടിയില്‍
വണ്ടൂര്‍: ലോട്ടറിക്കടയുടെ മറവില്‍ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തിയ ഒരാള്‍ പിടിയില്‍. എടവണ്ണ പന്നിപാറ പാലുങ്ങന്‍ മോഹന്‍ദാസാ (42) ണ് പിടിയിലായത്. വണ്ടൂര്‍ മണലിമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം ചെയ്യുന്ന മോഹന്‍ദാസിനെ രഹസ്യവിവരത്തെ തുടര്‍ന്നാണ് എസ്.ഐ പി. ചന്ദ്രനും സംഘവും പിടികൂടിയത്.
അവസാന മൂന്നക്ക നമ്പറിനാണ് ഇവര്‍ ആളുകളില്‍നിന്നു പണം വാങ്ങുന്നത്. ഇങ്ങനെ പത്ത് രൂപ മുതല്‍ 200 രൂപ വരെ ടിക്കറ്റിന് ഈടാക്കും. പിന്നീട് സര്‍ക്കാര്‍ ലോട്ടറിയുടെ ഫലത്തില്‍ ഇത്തരം കടകളില്‍നിന്നെടുത്ത മൂന്നക്ക നമ്പര്‍ വന്നാല്‍ ഉടനടി പണം നല്‍കും. പത്ത് രൂപക്ക് എടുത്ത ടിക്കറ്റിലെ മൂന്നക്ക നമ്പര്‍ അടിച്ചാല്‍ 5,000 രൂപയാണ് പ്രതിഫലമായി നല്‍കുക. കൂടാതെ 50 രൂപയുടെ ടിക്കറ്റിന് 25,000 രൂപയും 100 രൂപയുടേതിന് 50,000 രൂപയും ആളുകള്‍ക്കു ലഭിക്കും.
മോഹന്‍ദാസിനെപ്പോലുള്ള ചെറുകിടക്കാര്‍ ഇത്തരം മാഫിയകളുടെ ദിവസേനയുള്ള കൂലിക്കാണ് പ്രവര്‍ത്തിക്കുന്നത്. അടിച്ച നമ്പറുകള്‍ക്കുവേണ്ടി കടകളിലേക്കുള്ള പണം എത്തിക്കുന്നതിനും പുതിയ കടകള്‍ കണ്ടെത്തുന്നതിനും പ്രത്യേക ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാര്‍ ലോട്ടറിയുടെ ഫലങ്ങള്‍ കുറഞ്ഞതിനാല്‍ ലോട്ടറി ചൂതാട്ടങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കൂടാതെ സര്‍ക്കാര്‍ ലോട്ടറിയില്‍ നാലക്കത്തിനാണ് പണം നല്‍കുന്നത്. ഇതും കച്ചവടം വര്‍ധിപ്പിക്കുന്നു. ലോട്ടറി മാഫിയകളുടെ പ്രധാന കണ്ണികള്‍ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈനിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."