സഊദിയില്‍ പെട്രോകെമിക്കല്‍ പ്ലാന്റില്‍ അപകടം; ഒരു മരണം, നിരവധിപേര്‍ക്ക് പരുക്ക്
റിയാദ്: സഊദിയില്‍ പെട്രോകെമിക്കല്‍ പ്ലാന്റില്‍ നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മദീനക്ക് സമീപമുള്ള ചെങ്കടല്‍ തീരത്തെ വ്യാവസായിക നഗരിയായ യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ (നാറ്റ് പെറ്റ്) കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകട വിവരം പുറത്ത് വിട്ടത്. തീപിടുത്ത ത്തില്‍ ഒരാള്‍ മരിക്കുകയും പതിനൊന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വ്യവസായ നഗരികളുടെ ചുമതലയുള്ള റോയല്‍ കമ്മീഷന് ഫോര്‍ യാമ്പു ആന്‍ഡ് ജുബൈല്‍ വക്താവ് വ്യക്തമാക്കിയതായി അല്‍ ഇഖ്ബാരിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായതെന്നും ഇപ്പോള്‍ തീ നിയന്ത്രണ വിധേയമായെന്നും വ്യാവസായിക നഗരി ഇന്‍ഡസ്ട്രിയല്‍ അപകട ദുരന്ത നിവാരണ സംഘം നിയന്ത്രണ വിധേയമാക്കാനുള്ള ത്വരിതഗതിയിലുള്ള പ്രവര്‍ത്തനത്തിലാണെന്നും റോയല്‍ കമ്മീഷന് ഫോര്‍ യാമ്പു ആന്‍ഡ് ജുബൈല്‍ വക്താവ് അബ്ദുറഹ്മാന് അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. പ്ലാന്റ് പ്രവര്‍ത്തനത്തിനിടെ വ്യവസായ പ്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളിലെ വീഴ്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."