കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ആനയൂട്ട് ഇന്ന്
കാട്ടാക്കട: നെയ്യാര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ ആനയൂട്ടിനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. വനംവകുപ്പിന്റെ വന്യ ജീവി വാരാഘോഷം നടക്കുന്ന വേളയില്‍ ഒരാഴ്ച നീളുന്ന അത്ര പൊലിമയില്ലാത്ത വരാചരണത്തിനിടെയാണ് വനം വകുപ്പ് ഒരു സദ്യയും പരിചരണവും ഒരുക്കുന്നത്. പ്രളയം കാരണം എല്ലാ ആഘോഷവും മാറ്റി വച്ച സാഹചര്യത്തിലാണെങ്കില്‍ പോലും ആനകള്‍ക്കായി ഒരു ദിനം മാറ്റി വയ്ക്കുകയായിരുന്നു.
കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രമായ നെയ്യാര്‍ കാപ്പുകാട് റിഹാഫിലിറ്റേഷന്‍ സെന്ററില്‍ മണ്ണുത്തി വെറ്റിനെറി സെന്റിലെ ഡോക്ടര്‍മാരും ഫോറാറസ്റ്റി കോഴ്‌സിന് പഠിക്കുന്നവരും എത്തും. ആനകളെ കുളിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നേരിട്ട് കാണുകയും പാപ്പാന്മാരുമായി ഇവര്‍ സംവദിക്കുകയും ചെയ്യും. ആനകളുടെ പ്രശ്‌നങ്ങള്‍, പാപ്പാന്മാരുടെ പ്രശ്‌നങ്ങള്‍ എന്നിവ മനസിലാക്കും. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന. അതിനു ശേഷം സദ്യ. അവര്‍ക്കിഷ്ടമുള്ള കരിമ്പ്, ശര്‍ക്കര എന്നിവ നല്‍കും. അടുത്തുള്ള നെയ്യാര്‍ ജലസംഭരണിയില്‍ നീന്താനും അനുവദിക്കും. ആനകള്‍ക്കായി പ്രത്യേകതരം ഭക്ഷണം ഒരുക്കുമെന്ന് വാര്‍ഡന്‍ അറിയിച്ചു. ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ഇവിടം നടന്നുകാണാം. ആനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഭക്ഷണം നല്‍കുന്നത്. കുട്ടിയാനകളായ അര്‍ജുന്‍, അച്ചന്‍കോവിലില്‍ നിന്നും എത്തിയ ഒരു വയസുള്ള പൂര്‍ണ്ണ, നിലമ്പൂരില്‍ നിന്നും കോട്ടൂരില്‍ വന്ന എട്ട്മാസം പ്രായമുള്ള മനു, പാലക്കാട് നിന്ന് മൂന്നു മാസം മുന്‍പ് എത്തിയ മായ തുടങ്ങി കുഞ്ഞാനകളുടെ വിളനിലമാണ് ഇവിടെ. അവറ്റകളെ പരിപാലിക്കുന്ന പാപ്പന്മാരുടേയും. ആകെ 17 ആനകളാണ് ഇവിടെയുള്ളത്. കുഞ്ഞാനകള്‍ക്കും മുതിര്‍ന്നവര്‍ക്കും വൃദ്ധര്‍ക്കും സംരക്ഷണം ഒരുക്കി പുതിയ സംവിധാനത്തിലേയ്ക്ക് ഉയരുകയാണ് ഈ കേന്ദ്രം. ശ്രീലങ്കന്‍ മാതൃകയില്‍ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടില്‍ ഒരു സങ്കേതം ഒരുക്കുന്നത്. നെയ്യാറിലെ വെള്ളം കയറി കിടക്കുന്ന മനോഹരമായ ഭാഗത്ത് ഇത് ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007 ലാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കാപ്പുകാട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി. കാട്ടാനയോയും നാട്ടാനയോയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളര്‍ത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങള്‍ നടത്തുക അതിലുപരി സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് ഇത് തുറന്നത്. കേരളത്തിലെ ഏക ആനസംരക്ഷണ പാര്‍ക്ക് അങ്ങിനെ കാപ്പുകാടിന്റെ അഭിമാനവുമായി. അതിനിടെ 105 കോടിയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്. അതിന്റെ ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയായിവരുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്രമായി ഇതു മാറും. ഏതാണ്ട് 100 ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58 ഹെക്ടര്‍ വിസ്ത്യതിയുള്ള വനഭൂമിയിലാണ് കേന്ദം തുടങ്ങാന്‍ ചിട്ടപ്പെടുത്തിയത്. പുതിയ റോഡുകള്‍, ആനകളെ പാര്‍പ്പിക്കാന്‍ ഇടങ്ങള്‍, ഗവേഷണകേന്ദ്രം, ജൈവപാര്‍ക്ക്, ഔഷധപാര്‍ക്ക് തുടങ്ങിയവ നടപ്പിലാക്കും. നെയ്യാറിലെ വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്ക് റോപ്പ് വേ, ബോട്ട് സവാരി എന്നിവ ലക്ഷ്യത്തിലുണ്ട്. ആനപാര്‍ക്കില്‍ സംരക്ഷണവേലി ഉണ്ടാക്കി അതിനകത്ത് സ്വാഭാവിക അന്തരീക്ഷം സംജാതമാക്കാന്‍ പദ്ധതിയിടുന്നുണ്ട്്. ആനകള്‍ക്ക് ഗര്‍ഭം ധരിക്കാനും പ്രസവിപ്പിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. കൂടുതല്‍ ആനകളെ എത്തിക്കാനും പദ്ധതിയിടുന്നു. പാമ്പ് പാര്‍ക്കും പക്ഷി പാര്‍ക്കും തുടങ്ങാന്‍ ശുപാര്‍ശയായി. മാത്രമല്ല കാട്ടനകള്‍ക്കും നാട്ടാനകള്‍ക്കും വയോജന സംരക്ഷണം ഒരുക്കാനും പദ്ധതിയുണ്ട്. നാട്ടാനകളെ ഇവിടെ എത്തിച്ചാല്‍ അതിനു വനം വകുപ്പ് തന്നെ പരിചരണം നല്‍കും. മാത്രമല്ല കോട്ടൂരില്‍ ടൗണ്‍ഷിപ്പിനായുള്ള നീക്കവും വനം വകുപ്പ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."