കോണ്‍ഗ്രസിലെ അഴിച്ചുപണി; രാഷ്ട്രീയകാര്യസമിതി നിര്‍ണായകം
27ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തേണ്ട അഴിച്ചുപണിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി 27ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും.
സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിക്കുള്ള സാധ്യത കുറവാണെങ്കിലും ജില്ലാകോണ്‍ഗ്രസ് കമ്മിറ്റികളില്‍ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തിലും മാറ്റമുണ്ടാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
തദ്ദേശ തോല്‍വി എ.ഐ.സി.സി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
നേരത്തേ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ നേതൃമാറ്റ ആവശ്യത്തെ തള്ളിപ്പറഞ്ഞ കെ.സി വേണുഗോപാല്‍ ഇന്നലെ അതിനു മുതിരാതിരുന്നത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുത്തിയാല്‍ അതു ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആരോപണത്തെ കോണ്‍ഗ്രസ് നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
അതുപാര്‍ട്ടിക്കുള്ളില്‍തന്നെ വീണ്ടും വിരുദ്ധാഭിപ്രായങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നോ നാലോ മാസം മാത്രം ബാക്കിയുള്ളപ്പോള്‍ നേതൃമാറ്റം താഴെത്തട്ടില്‍ ആശയക്കുഴപ്പത്തിനിടയാക്കുകയും ചെയ്യും.
മുല്ലപ്പള്ളിയെ മാറ്റിയാല്‍ പിന്നെ പരിഗണിക്കപ്പെടുന്ന കെ.സുധാകരനോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് വലിയ താല്‍പര്യവുമില്ല.
ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുത്താതിരിക്കുകയെന്ന തീരുമാനത്തിലേക്കാകും കാര്യങ്ങള്‍ എത്തുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."