കാസര്‍കോട് താലൂക്കില്‍ ചെങ്കല്ലിന് വില വര്‍ധിപ്പിക്കുന്നു
ചെര്‍ക്കള: കെട്ടിട നിര്‍മാണത്തിന്റെ ആവശ്യ വസ്തുവായ ചെങ്കലിന് കാസര്‍കോട് താലൂക്കില്‍ വില വര്‍ധിപ്പിക്കുന്നു. ഏതാനും ദിവസമായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്കു ശേഷമാണ് കാസര്‍കോട് താലൂക്കില്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
കാസര്‍കോട് മേഖലയില്‍ വില വര്‍ധിപ്പിക്കുന്നതോടെ ജില്ലയിലെ മറ്റുതാലൂക്കുകളിലും വില വര്‍ധിപ്പിക്കും. നാലു മുതല്‍ ആറു രൂപവരേ കല്ലിനു വില വര്‍ധിക്കും. ഒന്നാം നമ്പര്‍ ചെങ്കല്ലിന് ആറു രൂപവരെയായും രണ്ടാം നമ്പറിന് നാലു രൂപവരെയുമായാണ് കാസര്‍കോട് താലൂക്കില്‍ ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
വില വര്‍ധനവ് എട്ടുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. നേരത്തെ 35 സെന്റീമിറ്റര്‍ നീളവും 23 സെന്റീമീറ്റര്‍ വീതിയുമുള്ള ഒന്നാം നമ്പര്‍ ചെങ്കലിന് ലോറി വാടക ഉള്‍പ്പെടെ 22 രൂപയും രണ്ടാം നമ്പറിന് 16 രൂപയുമാണ് വില ഉണ്ടായിരുന്നത്.
ദൂരപരിധി കണക്കാക്കിയാണ് ചെങ്കല്ലുകള്‍ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ദൂരം കൂടുന്തോറും വിലയും കൂടും.
കെട്ടിട നിര്‍മാണ ബജറ്റിന്റെ 20 ശതമാനവും ചെങ്കലിനു വേണ്ടിയാണ് ചെലവഴിക്കേണ്ടിവരുന്നത്. അതിനാല്‍ വില വര്‍ധന നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും.
2013നുശേഷം ചെങ്കലിന് വില വര്‍ധിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചെങ്കല്‍ ക്വാറികളുടെ ലൈസന്‍സ് തുക കുത്തനെ വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വര്‍ധനയുമാണ് ചെങ്കലിന്റെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നുമാണ് ക്വാറി ഉടമകള്‍ പറയുന്നത്. ഒന്നാം നമ്പര്‍ ചെങ്കല്ലിന് 24 രൂപ മുതല്‍ 29രൂപ വരെയാണ് വിവിധ മേഖലകളില്‍ ചെങ്കല്ലിന് വില ഉയരുക. രണ്ടാം നമ്പര്‍ കല്ലിന് 20 മുതല്‍ 25 വരെ വില വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."