ജീവനക്കാരുടെ എല്‍.ഐ.സി പ്രീമിയം അടവു മുടങ്ങിയിട്ട് ഒരു വര്‍ഷം
മലപ്പുറം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍നിന്നു പിടിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കാതായിട്ട് ഒരു വര്‍ഷം. അടവു മുടങ്ങിയതു മൂലം എല്‍.ഐ.സി പോളിസിയില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ വലയുകയാണ് ജീവനക്കാര്‍.
എല്‍.ഐ.സി പോളിസിയുള്ള ജീവനക്കാരുടെ പ്രീമിയം വിഹിതം എല്ലാ മാസവും കൃത്യമായി ശമ്പളത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പിടിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ എല്‍.ഐ.സിയില്‍ അടച്ചത് 2017 സെപ്തംബര്‍ വരെയുള്ള വിഹിതമാണ്. വിഹിതം അതത് മാസം തന്നെ അടയ്ക്കുന്ന രീതിയാണ് നേരത്തേ ഉണ്ടായിരുന്നത്. ഇത് ഇടക്കാലത്ത് ആറും ഏഴും മാസമൊക്കെ കുടിശ്ശിക വരികയും പിന്നീട് ഒരുമിച്ച് അടയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതാദ്യമായാണ് ഒരു വര്‍ഷം കുടിശ്ശിക വരുന്നത്.
ഇതു കാരണം സര്‍വിസില്‍നിന്നു വിരമിക്കുന്നവര്‍ക്ക് പോളിസി തുക കിട്ടാത്ത അവസ്ഥയുണ്ട്. മരണം സംഭവിക്കുമ്പോള്‍ കുടുംബത്തിനു തുക ലഭിക്കാത്ത അവസ്ഥയും വരുന്നു. കൂടാതെ, പോളിസിയുള്ളവര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുന്നു. മിക്ക ജീവനക്കാര്‍ക്കും മണിബാക്ക് പോളിസിയുണ്ട്. മണിബാക്ക് പോളിസിയില്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ അടച്ച തുകയുടെ 30 ശതമാനം തിരിച്ചെടുക്കാവുന്നതാണ്. എന്നാല്‍, അടവു മുടങ്ങിയതു കാരണം ഈ സൗകര്യവും മുടങ്ങിയിരിക്കുകയാണ്. ഇതു മൂലം പണത്തിന് അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ മണിബാക്ക് പോളിസിയില്‍നിന്ന് പണം തിരിച്ചെടുക്കാനാവാതെ വലയുകയാണ് ജീവനക്കാര്‍.
പോളിസിയുടെ ഭാഗമായുള്ള ബോണ്ടിന്റെ ഈടില്‍ ചെറിയ തുക വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. പ്രീമിയം കുടിശ്ശികയുള്ളതിനാല്‍ സാമ്പത്തിക പ്രതിസന്ധി വരുന്ന ഘട്ടങ്ങളില്‍ വായ്പയെടുക്കുന്നതും മുടങ്ങിയിരിക്കുകയാണ്. ഈ ബുദ്ധിമുട്ടുകള്‍ വിവരിച്ച് മാനേജ്‌മെന്റിനു പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കാനുളള ഒരുക്കത്തിലാണ് ജീവനക്കാര്‍. പ്രീമിയം അടവു മുടങ്ങിയതിനെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്ന് എല്‍.ഐ.സി കോഴിക്കോട് ഓഫിസില്‍നിന്ന് അറിയിച്ചു. ഇക്കാര്യം പലതവണ കെ.എസ്.ആര്‍.ടി.സി എം.ഡി ഉള്‍പ്പെടെയുള്ള അധികൃതരെ അറിയിച്ചിട്ടുണ്ട്.
പ്രീമിയം മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തും അറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രീമിയം അടയ്ക്കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എല്‍.ഐ.സി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."