മഞ്ചേരിയിലെ കുരുക്കഴിയും
മഞ്ചേരി: നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന് വരെ റോഡ് വീതികൂട്ടാനുള്ള പ്രവൃത്തി ആരംഭിച്ചു. അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥലം വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ തയാറായിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചത്. മരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നെല്ലിപ്പറമ്പ് മുതല്‍ മാനു ആശുപത്രി പരിസരം വരെയുള്ള സ്ഥലം കഴിഞ്ഞ ദിവസം അടയാളപ്പെടുത്തിയിരുന്നു. ഓവു ചാല് നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.
നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന് വരെയുള്ള നാല്പതില്പരം ഭൂവുടമകള്‍ സ്ഥലം നല്കാന് സന്നദ്ധത അറിയിച്ചതോടെയാണ് നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള ശ്രമത്തിന് പുതുജീവന്‍ ലഭിച്ചത്. സ്ഥലം ലഭ്യമാക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് മാസം മുന്‍പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭൂവുടമകളുടെയം കെട്ടിട ഉടകളുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഭൂവുടമകളുമായി വീണ്ടും ചര്‍ച്ച നടത്തുകയും സ്ഥലമുടമകളില്‍ നിന്ന് സമ്മതപത്രം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് വിജയം കാണുകയും ചെയ്തത്. ഇതിന് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ റോഡ് വികസനത്തിന് പൂര്‍ണ്ണപിന്തുണ നല്‍കിയതോടെയാണ് പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചത്.
ഗതാഗത കുരുക്ക് മൂലം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു രോഗികളുമായെത്തുന്ന ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെടുന്നത് നിത്യ സംഭവമാണ്. ജസീല ജങ്ഷന് മേല്‍പ്പാലം അടിയന്തിരമായി നിര്‍മിച്ച് മഞ്ചേരി നിലമ്പൂര്‍ റോഡിലെയും നഗരത്തിലെയും തീരാശാപമായി തുടരുന്ന ഗതാഗതക്കുരുക്കിന് ദ്രുത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
റോഡ് വികസനം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭൂവുടമകള്‍ പൂര്‍ണപിന്തുണ നല്‍കുന്നുണ്ടെന്നും ഉമ്മര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."