നെടുമങ്ങാട് ജില്ലാ ആശുപത്രി ഐ.സി.യുവില്‍
നെടുമങ്ങാട്: മലയോര പട്ടണമായ നെടുമങ്ങാട് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ജില്ലാ ആശുപത്രി അസൗകര്യങ്ങളുടെ നടുവില്‍. സ്ഥലപരിമിതിയും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും മറ്റു സേവനങ്ങളുടെ ലഭ്യതക്കുറവും രോഗികളെ വലക്കുകയാണ്.
ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടമായ കൊട്ടാരം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടു മാസങ്ങള്‍കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരം നാളിതുവരെ തുറന്നു കൊടുത്തിട്ടുമില്ല . കിടത്തി ചികിത്സ വേണ്ട രോഗികളില്‍ ഭൂരിഭാഗം പേരും സ്ഥലപരിമിതി കാരണം വീട്ടിലേക്കു മടങ്ങുന്നത് പതിവാണ്. ഒ.പി വിഭാഗത്തിലാണെങ്കില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്.
ദിവസം നൂറുകണക്കിന് ആളുകളാണ് ഒ.പി വിഭാഗത്തിലെത്തുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞാല്‍ ഒ.പി യില്‍ ഒരുഡോക്ടര്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്ന് രോഗികള്‍ പറയുന്നു. ഉച്ചക്കു ശേഷം ഒരു ഡോക്ടറെ ക്കൂടി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.രാത്രിയില്‍ വാഹനപകടങ്ങളിലും മറ്റു അത്യാവശ്യ ചികിത്സകള്‍ക്കുമായി എത്തുന്നവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നതാണ് പതിവ്. ആശുപത്രിയിലെ എക്‌സ് റേ യൂനിറ്റ് പ്രവര്‍ത്തന രഹിതമാണ്. സ്വകാര്യ ലാബുകളെ സഹായിക്കുന്നതിന് വേണ്ടി യൂനിറ്റിന്റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. ഓപറേഷന്‍ തിയറ്റര്‍ അറ്റകുറ്റ പണിക്കായി അടച്ചിട്ടിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. അതിനാല്‍ വലിയ ശസ്ത്രക്രിയകളൊന്നും ഇവിടെ നടക്കുന്നില്ല.ലേബര്‍ റൂമിനു സമീപത്തുള്ള മിനി തിയറ്ററിലാണ് നിലവില്‍ ചെറിയ ശസ്ത്രക്രിയകള്‍ നടക്കുന്നത്.
ആശുപത്രിയില്‍ രണ്ടു ആംബുലന്‍സുകളാണുള്ളത്. രണ്ടെണ്ണത്തിനും കൂടിയുള്ളതാകട്ടെ ഒരു ഡ്രൈവറും. ആശുപത്രിക്കു മുന്നില്‍ പത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആശുപത്രിയുടെ ആംബുലന്‍സ് അവശ്യ സമയത്ത് ലഭിക്കാത്തതിനാല്‍ പുറത്തുള്ള സ്വകാര്യ സര്‍വീസുകളെ വന്‍തുക നല്‍കി ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ യാതൊരു ക്രമീകരണവും ഇല്ല. തോന്നും പോലെ വാഹനങ്ങള്‍ നിരത്തിയിട്ടിക്കുന്നതു അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."