തുഴയെറിയുന്നതും കാത്ത് മലയോരം
അംജദ് ഖാന്‍ റശീദി
തിരുവമ്പാടി: കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനെ വകഞ്ഞു മാറ്റി ഓളപ്പരപ്പുകളില്‍ സാഹസിക പ്രകടനം കാഴ്ച വയ്ക്കുന്ന കയാക്കര്‍മാരുടെ മാസ്മരിക പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ മലയോരം ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാകും. ചാംപ്യന്‍ഷിപ്പ് 26ന് രാവിലെ 10ന് പുലിക്കയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് നാലിന് പുല്ലൂരാംപാറ ഇലന്തുകടവില്‍ ഇ.പി ജയരാജന്‍ സമ്മാനദാനം നിര്‍വഹിക്കും.
സംസ്ഥാന ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ഡി.ടി.പി.സിയും സംയുക്തമായി 26, 27, 28 തിയതികളില്‍ ചാലിപുഴയിലും ഇരുവഴിഞ്ഞി പുഴയിലുമായാണ് വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സാഹസിക പുഴയുത്സവത്തെ വരവേറ്റ് സ്വാഗത കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. പുലിക്കയത്തും തുഷാരഗിരിയിലും അരിപ്പാറയിലും ഇലന്തു കടവിലുമെല്ലാം പുഴയുത്സവത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉത്തരേന്ത്യക്ക് പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും നേപ്പാള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 20 ഓളം വിദേശ രാജ്യങ്ങളില്‍നിന്നും കയാക്കര്‍മാര്‍ കോടഞ്ചേരിയില്‍ എത്തി പരിശീലനം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."