യുവാവിനെ മനുഷ്യകവചമാക്കിയതിനെ സൈനിക മേധാവി ന്യായീകരിച്ചു
ന്യൂഡല്‍ഹി: ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ കല്ലേറില്‍ നിന്നു രക്ഷതേടാനായി യുവാവിനെ മനുഷ്യകവചമാക്കിയ നടപടിയെ സൈനിക മേധാവി ബിപിന്‍ റാവത്ത് ന്യായീകരിച്ചു.
സംഭവം വിവാദമായ സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ ന്യായീകരണമുണ്ടായിരിക്കുന്നത്. ജമ്മുകശ്മിരില്‍ നടക്കുന്നത് മറ്റൊരാളെ മുന്‍നിര്‍ത്തിയുള്ള വൃത്തികെട്ട യുദ്ധമാണെന്നും ഇത്തരം യുദ്ധത്തെ നേരിടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
ജനങ്ങള്‍ സൈന്യത്തിനുനേരെ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് സൈനികര്‍ ചോദിക്കുകയാണ്. കശ്മിരില്‍ പട്രോളിങ് നടത്തുന്ന സൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ നോക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണ്-സൈനിക മേധാവി പറഞ്ഞു.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്.
ശ്രീനഗര്‍ സ്വദേശിയായ ഫാറൂഖ് അഹമ്മദ് ദറിനെ ആണ് സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്തത്. യുവാവിനെ മനുഷ്യകവചമാക്കാന്‍ നിര്‍ദേശം നല്‍കിയ മേജര്‍ ലിതുല്‍ ഗഗോയിക്ക് സൈനികബഹുമതി നല്‍കിയതും വിവാദമായിരുന്നു. ഇതിനെ കേന്ദ്രസര്‍ക്കാരും പിന്തുണയ്ക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് കരസേനാമേധാവിയും ഗഗോയിയുടെ നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നത്.
ജനങ്ങള്‍ക്ക് അവരുടെ സൈന്യത്തോടുള്ള ഭീതി നഷ്ടമായാല്‍ ആ രാജ്യം അവസാനിക്കും. നിങ്ങളുടെ പ്രതിയോഗികള്‍ നിങ്ങളെ ഭയപ്പെടുന്നത് പോലെ നിങ്ങളുടെ രാജ്യത്തെ ജനങ്ങളും നിങ്ങളെ ഭയപ്പെടണം. ക്രമസമാധാനപ്രശ്‌നത്തിന്റെ പേരില്‍ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ സൈന്യത്തെ ഭയപ്പെടണം. എന്നിരുന്നാലും കശ്മിരിലെ പ്രശ്‌നങ്ങളെ നേരിടുന്ന സമയത്ത് പരമാവധി നിയന്ത്രണം പുലര്‍ത്താറുണ്ട്. കാര്യങ്ങള്‍ വഷളാകുന്ന സാഹചര്യം വന്നാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."