ബഹ്റൈനില്‍ മലയാളി ബിസിനസുകാരന്റെ വില്ലയില്‍ കവര്‍ച്ച
മനാമ : ബഹ്റൈനില്‍ ബിസിനസുകാരനായ മലയാളിയുടെ വീട്ടില്‍ കവര്‍ച്ച. ഉമ്മല്‍ഹസം പ്രവിശ്യയിലാണ് സംഭവം. ഇവിടെ ഫാല്‍ക്കണ്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന പാലക്കാട് സ്വദേശിയും ബിസിനസുകാരനുമായ സിദ്ദിഖിന്റെ വില്ലയിലാണ് കവര്‍ച്ച നടന്നത്.
വീടിന്റെ പിന്‍വശത്തുള്ള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മുകളിലെ നിലയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നു. അലമാരയിലും ഷര്‍ട്ടിന്റെ പോക്കറ്റിലും മറ്റും സൂക്ഷിച്ചിരുന്ന 400 ദിനാറോളം നഷ്ടപ്പെട്ടുവെങ്കിലും വീട്ടില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ മൊബൈല്‍ ഫോണുകളോ സ്വര്‍ണ്ണമോ നഷ്ടപ്പെട്ടില്ലെന്ന് വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്കറില്‍ സൂക്ഷിച്ച ജീവനക്കാരുടെ പാസ്പോര്‍ട്ടുകളെല്ലാം പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണുള്ളത്. വൈകീട്ട് 5:20ന് വീട് പൂട്ടി സിദ്ദിഖും കുടുംബവും പുറത്തുപോയ നേരത്താണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. രാത്രി 8 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിയുന്നത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.
വിരലടയാള വിദഗ്ദ്ധരെത്തി പരിശോധന നടത്തി. ആറ് വില്ലകളുള്ള കോമ്പൗണ്ടില്‍ സെക്യൂരിറ്റി ജീവനക്കാരനും ഉള്ളതാണ്. പിറകുവശത്തെ മതില് ചാടിക്കടന്നാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് സംശയിക്കുന്നതായി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."