സ്‌റ്റോണ്‍ ക്രഷര്‍: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍
ഇരിട്ടി : എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ക്രഷറിന് പ്രവര്‍ത്തനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ബിജെപി , കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രഷര്‍ തുടങ്ങുന്നുവെന്ന ആരോപണം തന്നെ കുപ്രചാരണമാണ്. കരിങ്കല്‍ ഉപയോഗിച്ചുള്ള മണല്‍ നിര്‍മ്മാണവും ഇത് ഉപയോഗിച്ചുള്ള സിമന്റ് കട്ട നിര്‍മ്മാണവുമാണ് ഇവിടെ നടക്കുക.
ഇവ നിര്‍മിക്കുവാനുള്ള യൂനിറ്റിന്റെ അനുമതിക്കാണ് സംരംഭകര്‍ അപേക്ഷിച്ചിരുന്നത് . ഇവരുടെ സ്ഥലമെടുപ്പ് രേഖയിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ജിയോളജി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ അനുമതി ലഭിച്ച ശേഷമാണ് നഗരസഭയില്‍ പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനുശേഷം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മോഹനന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു അന്വേഷണം നടത്തിയെങ്കിലും ഇവിടെ സ്ഥാപനം വരുന്നതില്‍ എതിര്‍പ്പറിയിച്ചുള്ള യാതൊരു റിപ്പോര്‍ട്ടും നഗരസഭയ്ക്ക് നാളിതുവരെ ലഭിച്ചില്ല.
തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ നിയോഗിച്ചെങ്കിലും ഈ കമ്മിറ്റിയും എം സാന്റ് യൂണിറ്റിനെതിരെ എതിരഭിപ്രായം രേഖപ്പെടുത്തിയുള്ളറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.
യൂനിറ്റ് സ്ഥാപിക്കുന്നതിന് സമീപത്തുള്ള വീട്ടുകാരും എം സാന്റ്എതിര്‍പ്പില്ലെന്ന് ചൂണ്ടി കാട്ടിതങ്ങളുടെ സമ്മതപത്രം നല്‍കിയതോടെയാണ് നഗരസഭയും ഈ സംരഭത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്റെ പേരില്‍ അഴിമതി ആരോപിക്കുന്നത് പുകമറയാണെന്നും കോഴവാങ്ങി അനുമതി നല്‍കിയെന്ന ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവ് നല്‍കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ആരോപണം ഉന്നയിക്കുന്നവര്‍ക്കു ബാദ്ധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഉപാദ്ധ്യക്ഷ കെ. സരസ്വതി, കൗണ്‍സിലര്‍മാരായ പി.പി. ഉസ്മാന്‍, പി.വി. പ്രേമവല്ലി, ആര്‍.കെ. ഷൈജു, കെ. ഗീത, കെ. അനിത, പി. ലത പി ജിജു, പി.വി.ജലന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."