റൂറല്‍ പൊലിസ് ആസ്ഥാനം തളിപ്പറമ്പില്‍ വേണമെന്ന ആവശ്യം ശക്തം
തളിപ്പറമ്പ്: റൂറല്‍ പൊലിസ് ആസ്ഥാനം തളിപ്പറമ്പില്‍ വേണമെന്ന ആവശ്യവുമായി തളിപ്പറമ്പ് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിക്കുന്നു.
കഴിഞ്ഞദിവസം കണ്ണൂരില്‍ പൊലിസ് സംവിധാനത്തെ വിഭജിച്ചുകൊണ്ട് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവ് വന്നതോടെയാണ് റൂറല്‍ പൊലിസ് ആസ്ഥാനം തളിപ്പറമ്പിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം ശക്തമായത്.
പുതിയ ഉത്തരവ് പ്രകാരം ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം, മുഴക്കുന്ന്, ഇരിക്കൂര്‍, മാലൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം മെഡിക്കല്‍ കോളജ്, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠപുരം, പയ്യാവൂര്‍ എന്നീ 19 പൊലിസ് സ്‌റ്റേഷനുകളാണ് റൂറല്‍ പൊലിസ് ജില്ലാ പരിധിയിലുള്ളത്. തളിപ്പറമ്പിലാണ് നിലവില്‍ റൂറല്‍ ജില്ലാ ആസ്ഥാനത്തിന് അനുകൂലമായ ഘടകങ്ങളുള്ളത്. ദേശീയപാതയോരത്ത് ഏഴാംമൈലില്‍ മൈനര്‍ ഇറിഗേഷന്റെ അധീനതയിലുള്ള അഞ്ചേക്കര്‍ സ്ഥലം റൂറല്‍ പൊലിസ് ആസ്ഥാനത്തിന് അനുയോജ്യമാണെന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ഉന്നത പൊലിസ് അധികൃതര്‍ സ്ഥലം പരിശോധിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."