വഴിമുട്ടി വിമാനത്താവള റോഡ് വികസനം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന തിയതി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്താതെ വിമാനത്താവള റോഡ് വികസനം. മട്ടന്നൂരില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് സുഗമ യാത്രക്ക് ആവശ്യമായ റോഡ് പദ്ധതികളാണ് എങ്ങുമെത്താതെ ഫയലിലുറങ്ങുന്നത്. വിമാനത്താവളത്തിലൂടെ കയറ്റി അയക്കാനുള്ള ചരക്കുകളുമായി കണ്ടെയ്‌നറുകള്‍ക്ക് എത്തണമെങ്കില്‍ വലിയ റോഡുകള്‍ വേണം. വിമാനത്താവള പദ്ധതിയുമായി ജില്ലയിലെ ആറു റോഡുകള്‍ നാലുവരിപ്പാതയാക്കാന്‍ 2016ലെ സംസ്ഥാന ബജറ്റിലാണു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച റോഡ് വികസനം എവിടെ എത്തിയെന്ന് അധികൃതര്‍ക്കു പോലും അറിയാത്ത അവസ്ഥയാണ്. പദ്ധതി സര്‍വേയിലും ഫയലിലും മാത്രം ഒതുങ്ങി. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജില്ലയിലെ മുഴുവന്‍ റോഡുകളിലും ഗതാഗതം വര്‍ധിക്കും. നിലവില്‍ കണ്ണൂര്‍-മട്ടന്നൂര്‍ പാത, തലശ്ശേരി-മട്ടന്നൂര്‍ പാതയില്‍ വാഹനങ്ങളുടെ വര്‍ധന കാരണം മണിക്കൂറോളം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ മേലെചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ്, തളിപ്പറമ്പ്-നണിച്ചേരിക്കടവ് പാലം-മയ്യില്‍-ചാലോട് റോഡ്, തലശ്ശേരി-കൊടുവള്ളി ഗേറ്റ്-മമ്പറം, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ് എന്നിവയാണ് ഉള്‍പ്പെടുത്തിയത്.
എന്നാല്‍ മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാത, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ് എന്നിവയുടെ സര്‍വേ നടപടികള്‍ മാത്രമേ പൂര്‍ത്തിയായുള്ളൂ. നിലവിലെ റോഡ് വീതികൂട്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. ഈ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. സര്‍വേ പൂര്‍ത്തിയായി മാസങ്ങളായിട്ടും തുടര്‍ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കണ്ണൂരില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണ് ചൊവ്വ- മട്ടന്നൂര്‍ റോഡ്. ഒരുവര്‍ഷം മുന്‍പ് നിലവിലുള്ള റോഡ് മെക്കാഡം ടാറിങ് നടത്തിയതു മാത്രമാണു നടത്തിയ എക വികസനം. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ പത്തുവര്‍ഷം മുന്‍പുള്ള റോഡിന്റെ വിസ്തൃതി തന്നെയാണ് ഇപ്പോഴും. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാലും മാനന്തവാടി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് തുടങ്ങിയ നഗരങ്ങളില്‍ നിന്നു മണിക്കൂറുകളെടുക്കം നിലവിലുള്ള റോഡിലൂടെ വിമാനത്താവളത്തിലെത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."