ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ്, ജോസ് വിഭാഗങ്ങള്‍ പങ്കിടും
കോട്ടയം: തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ പങ്കിടാന്‍ ധാരണയായി. ഇതനുസരിച്ച് ആദ്യ ടേമില്‍ ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റായി ഇന്നലെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് വരുന്ന ടേമില്‍ ജോസഫ് ഗ്രൂപ്പിലെ അജിത്ത് മുതിരമല പ്രസിഡന്റാവും. യു.ഡി.എഫ് നേതൃത്വം ഇടപെട്ട സമവായ ചര്‍ച്ചകള്‍ ബുധനാഴ്ച വൈകിട്ടും തീരാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയോടെയാണ് പരിഹാരമായത്. തിരഞ്ഞെടുപ്പില്‍ ജോസ്- ജോസഫ് വിഭാഗങ്ങള്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇരു വിഭാഗവുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വീതംവയ്പ് ഫോര്‍മുല രൂപപ്പെട്ടത്. ഇനിയുള്ള എട്ടു മാസത്തേക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ് പദവി വഹിക്കുക.
അവശേഷിക്കുന്ന ആറു മാസത്തേക്ക് അജിത് മുതിരമലയാകും പ്രസിഡന്റാവുക.
സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ കെ. രാജേഷിന് ഏഴ് വോട്ടുമാണ് ലഭിച്ചത്. ജനപക്ഷത്തിന്റെ ഏക അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ധാരണക്കെതിരേ ആരോപണമുയര്‍ത്തി കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് രംഗത്തുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തീരുമാനം തെറ്റാണെന്നും നീതികേടാണെന്നും വിശേഷിപ്പിച്ച പി.ജെ ജോസഫ്, യു.ഡി.എഫ് വിടുമെന്ന ജോസ് കെ. മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നും കുറ്റപ്പെടുത്തി. ഇനിയുള്ള പതിനാല് മാസത്തെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി യു.ഡി.എഫ് നേതൃത്വം എടുത്ത തീരുമാനം തെറ്റാണെന്നു പി.ജെ ജോസഫ് വ്യക്തമാക്കി. ന്യായമായ ആവശ്യം അവഗണിച്ചതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഒന്നിച്ചുനിന്നാല്‍ മാത്രമേ പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനാവൂ. പാലായിലും അടിയൊഴുക്കുണ്ടാകും. മോന്‍സ് ജോസഫ്, സി.എഫ് തോമസ്, ജോയ് എബ്രഹാം എന്നിവര്‍ കോട്ടയം ജില്ലക്കാരാണ്. ഇവര്‍ ഉള്‍പ്പെടുന്ന കോട്ടയത്ത് ആര്‍ക്കാണ് ശക്തിയെന്ന് ഉടന്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."