വിമാനങ്ങള്‍ക്ക് സമയസ്ലോട്ട് ലഭിച്ചില്ല ; കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ ഓഗസ്റ്റ് 13 മുതല്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുളള ഹജ്ജ് വിമാന സര്‍വിസുകള്‍ ഓഗസ്റ്റ് 13ന് ആരംഭിക്കും. ഹജ്ജ് സര്‍വിസുകള്‍ക്ക് മദീന, ജിദ്ദ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നതിനും പുറപ്പെടുന്നതിനുമുള്ള സമയസ്ലോട്ടില് വന്ന മാറ്റമാണ് സര്‍വിസുകള്‍ അഞ്ചുദിവസം കൂടി വൈകാന്‍ കാരണമായത്. രാജ്യത്ത് രണ്ടുഘട്ടങ്ങളായാണ് ഹജ്ജ് വിമാന സര്‍വിസുകള്‍ നടക്കുന്നത്. ഇതില്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട കേരളത്തില്‍ ഓഗസ്റ്റ് എട്ടുമുതലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സമയസ്ലോട്ടുകള് അന്തിമമായിട്ടില്ലെങ്കിലും സര്‍വിസുകള്‍ 13 മുതല്‍ 26 വരെയുള്ള തിയതികളില്‍ നടക്കും. കേരളത്തിലെ ഹജ്ജ് സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സാണ് നടത്തുന്നത്.
ദിനേന 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സര്‍വിസിന് എത്തിക്കുന്നത്. ഒരു ദിവസം തന്നെ ഒന്നിലേറെ സര്‍വിസുകളുണ്ടാകും. 39 വിമാനങ്ങള്‍ ഇതിനായി ക്രമീകരിക്കും. കേരളത്തില്‍ നിന്ന് 11,197 തീര്‍ഥാടകരും ലക്ഷദ്വീപില്‍ നിന്ന് 298 പേരും മാഹിയില്‍ നിന്ന് 80 പേരും ഉള്‍പ്പടെ 11,575 പേരാണ് യാത്രയാവുക. മറ്റു സംസ്ഥാനങ്ങളില്‍ അനുമതി ലഭിച്ചവര്‍ യാത്ര റദ്ദാക്കിയാല്‍ കേരളത്തിന് അധിക സീറ്റുകള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
ഹജ്ജിന് പുറപ്പെടുന്ന സംഘങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നു നേരിട്ട് ജിദ്ദയിലേക്കാണ് പോവുക. അവിടെ നിന്നു വാഹനമാര്‍ഗം തീര്‍ഥാടകരെ മക്കയിലെത്തിക്കും. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും മദീന സന്ദര്‍ശനം. അതിനാല്‍ തീര്‍ഥാടകരുടെ മടക്കം മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അടുത്ത മാസം എട്ടിന് നെടുമ്പാശ്ശേരിയില്‍ യോഗം ചേരും. ഹജ്ജ് രണ്ടാംഘട്ട പഠനക്ലാസുകള്‍ പൂര്‍ത്തിയായി. മൂന്നാംഘട്ട ക്ലാസുകള്‍ റമദാന് ശേഷം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."