കേരള കോണ്‍ഗ്രസ്- എം വിഘടിത വിഭാഗങ്ങള്‍ യു.ഡി.എഫിന് വെല്ലുവിളിയാകുന്നു
എം.ഷഹീര്‍
കോട്ടയം: മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് - എമ്മിലെ പി.ജെ ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങളെ ഉള്‍ക്കൊണ്ട് പോകുകയെന്നത് കോണ്‍ഗ്രസിനും യു.ഡി.എഫിനും വെല്ലുവിളിയാകുന്നു.
പാലാ ഉള്‍പ്പെടെയുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഇരുവിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് പോകുകയെന്നത് യു.ഡി.എഫ് നേതൃത്വത്തിന് വലിയ തലവേദനയാണ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന തര്‍ക്കങ്ങള്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിന് ശേഷമുണ്ടായ ആദ്യ കടമ്പയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരുമുഴം മുന്‍പേയെറിഞ്ഞാണ് ജോസ് കെ.മാണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ജോസഫ് വിഭാഗം രംഗത്തുവന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് നഷ്ടമാകുന്നതിന്റെ വക്കോളമെത്തിയപ്പോഴാണ് യു.ഡി.എഫ് നേതൃത്വം ചര്‍ച്ച നടത്തിയത്.
തെരഞ്ഞെടുപ്പ് നടന്ന ദിവസം രാവിലെ മാത്രമാണ് സ്ഥാനം സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞത്. ജോസ് കെ.മാണി നിര്‍ദേശിച്ച സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ തെരഞ്ഞെടുത്തശേഷം യു.ഡി.എഫ് നേതൃത്വത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് ജോസഫ് എത്തിയത് വിഷയത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന സൂചനപോലും ജോസഫ് നല്‍കിയിരുന്നു. പാലാ മണ്ഡലത്തില്‍ തന്റെ വിഭാഗത്തിനും സ്വാധീനമുണ്ടെന്ന് ജോസഫ് വ്യക്തമാക്കിയത് ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിയുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണി മുഴക്കാന്‍ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. കെ.എം മാണിയുടെ മരണത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയത്തില്‍ കുറഞ്ഞതൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജോസഫ് ഇടഞ്ഞുനില്‍ക്കുന്നത് മുന്നണി നേതൃത്വത്തെ ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പാലാ നേടാമെന്ന എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍ അര്‍ഥവത്താണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."