ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍ക്കെട്ടിനു പകരം കയര്‍ഭൂവസ്ത്രം ഉപയോഗിക്കണം: തോമസ് ഐസക്ക്
കൊല്ലം: പുഴകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളുടെ അതിരുകളില്‍ കല്ലു കെട്ടുന്നത് ഒഴിവാക്കി, പ്രകൃതിസൗഹൃദമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന് ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് നിര്‍ദേശിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം തൊഴിലുറപ്പ് പദ്ധതിയില്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല്‍ക്കെട്ടുകള്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുകയും ജല ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരം കല്‍ക്കെട്ടു നിര്‍മാണം പലയിടത്തും കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണെന്നും കണ്ടത്തിയിട്ടുണ്ട്. പൊതു കുളങ്ങള്‍ക്കൊപ്പം സ്വകാര്യ ഭൂമിയിലെ ജലസംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കണം മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, കെ വനജകുമാരി, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ.ആര്‍ അനില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."