തുറക്കുന്നതിന് തലേന്നാള്‍ സ്‌കൂള്‍ മതില്‍ ഇടിഞ്ഞു വീണു
കൊട്ടാരക്കര: പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സ്‌കൂള്‍ മതില്‍ ഇടിഞ്ഞു വീണ് സമീപത്തെ രണ്ടു വീടുകള്‍ക്ക് നാശ നഷ്ടം. അപകടത്തില്‍ ആളപായമില്ല. എഴുകോണ്‍ അമ്പലത്തുംകാല സെന്റ് ജോര്‍ജ്ജ് സെന്‍ട്രല്‍ സ്‌കൂളിന്റെ മതിലാണ് പുലര്‍ച്ചെ ഒന്നരയോടെ ഇടിഞ്ഞു വീണത്. സമീപത്തെ രണ്ടു വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഒരു വീടിന്റെ അടുക്കള തകര്‍ന്നിട്ടുണ്ട്. മറ്റൊരു വീടിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പിറകുവശത്ത് പുതിയതായി പണികഴിപ്പിക്കുന്ന ബഹുനില മന്ദിരത്തോട് ചേര്‍ന്ന് നിര്‍മിച്ച മതിലിന്റെ 50 മീറ്ററോളം ഭാഗമാണ് താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. പതിനഞ്ചടി പൊക്കത്തിലാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. 10 വര്‍ഷം മുമ്പ് നിര്‍മിച്ച ചുറ്റുമതിലിന്റെ കുറച്ചു ഭാഗം രണ്ടുമാസം മുമ്പ് വീതികൂട്ടി പുനര്‍ നിര്‍മിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇടിഞ്ഞു വീണിരിക്കുന്നത്.
സ്‌കൂളിന്റെ സമീപവാസിയായ അഖില്‍ ഭവനില്‍ അശോകന്റെ വീടിന്റെ അടുക്കളയാണ് ഭാഗികമായി തകര്‍ന്നത്. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളിലും ഉപകരണങ്ങളിലും മറ്റും മണ്ണും പാറയും വീണു മൂടി. സമീപത്തെ തൊടിയില്‍ വീട്ടില്‍ വിനോദിന്റെ വീട്ടിലെ ശുചിമുറിയുടെ സെപ്ടിക് ടാങ്ക് പാറ വന്ന് വീണ് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴമൂലമാണ് മതില്‍ ഇടിഞ്ഞതെന്ന് പരിസരവാസികള്‍ പറയുന്നത്. മതിലിനോട് ചേര്‍ന്ന് പണി പൂര്‍ത്തിയാകുന്ന മൂന്നു നിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ വെള്ളം പോകുന്ന ഓവുകള്‍ എല്ലാം ഈ മതിലിനോട് ചേര്‍ന്നാണ് ഒഴുകുന്നതെന്നും ഇതും മതില്‍ ഇടിയാന്‍ കാരണമായെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.
വെളുപ്പിനു വന്‍ ശക്തിയോടെ കല്ലു വന്ന് പതിക്കുന്ന ശബ്ദം കേട്ട് അശോകന്റേയും വിനോദിന്റെയും വീട്ടുകാര്‍ വീടിനുപുറത്തേക്ക് ജീവന്‍ രക്ഷാര്‍ഥം ഓടുകയായിരുന്നു. മൂകയും ബധിരയുമായ രണ്ടു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലേക്കാണ് പാറ വന്ന് പതിച്ചത്. അശാസ്ത്രീയമായ രീതിയില്‍ ഇത്രയും ഉയരത്തില്‍ മതില്‍ നിര്‍മിച്ചതുകൊണ്ടാണ് കാലവര്‍ഷം തുടങ്ങിയപ്പോഴേക്കും ഇടിഞ്ഞു വീണതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്‌കൂള്‍ വര്‍ഷം ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മതില്‍ ഇടിഞ്ഞത് രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളേയും ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ അധ്യായന വര്‍ഷം ആരംഭിച്ച ദിവസം സ്‌കൂളിന്റെ തൂണ്‍ ചരിഞ്ഞുവീണ് പിഞ്ഞുകുഞ്ഞ് മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഇപ്പോള്‍ അധ്യായന വര്‍ഷാരംഭത്തിന് ഒരു ദിവസം മുമ്പ് മതില്‍ ഇടിഞ്ഞുവീണ സംഭവം ഉണ്ടായിട്ടുള്ളത്.
കൊട്ടാരക്കര പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."