സാംലേത് സ്‌ഫോടനക്കേസ്: താന്‍ നിരപരാധിയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്ന് അബ്ദുല്‍ ഗനി
ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ പൊലിസിന് അറിയാമായിരുന്നുവെന്ന് സാംലേത് സ്‌ഫോടന കേസില്‍ 23 വര്‍ഷം ജയിലില്‍ കിടന്ന ശേഷം വിട്ടയക്കപ്പെട്ടവരിലൊരാളായ അബ്ദുല്‍ ഗനി. അക്കാര്യം തന്നോട് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ പറയുകയും ചെയ്തിരുന്നു. തന്നെ വിട്ടയയ്ക്കാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ കേസിലേക്ക് കശ്മീരികളായ പ്രതികളെ അന്വേഷിച്ച് നടന്നിരുന്ന ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിട്ടയയ്ക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നുവെന്ന് കശ്മിരില ബന്ദര്‍വ സ്വദേശിയായ ഗനി പറഞ്ഞു.
ബി.എസ്.സി ബിരുദധാരിയായ അബ്ദുല്‍ ഗനി മതപ്രചാരണം നടത്തുന്ന 'അല്ലാഹ്‌വാലെ' എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഭാഗമായി 1996ല്‍ ഡല്‍ഹിയില്‍ നിന്ന് 15 പേര്‍ക്കൊപ്പം വിശാഖപട്ടണത്തേക്ക് പോയി തിരികെ വരുമ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തതെന്ന് ഗനി പറയുന്നു.
വിശാഖപട്ടണത്തുനിന്ന് 40 ദിവസത്തിന് ശേഷം സാംത എക്‌സ്പ്രസില്‍ മെയ് 30ന് തിരിച്ചുവരികയായിരുന്നു. ഒരു സ്റ്റേഷനിലെത്തിയപ്പോള്‍ ചിലര്‍ കയറി എല്ലാവരോടും പേര് ചോദിക്കാന്‍ തുടങ്ങി. കശ്മീരിയായ എന്നെ കണ്ടപ്പോള്‍ കൂടെ വരാന്‍ പറഞ്ഞു. അവര്‍ ഗുജറാത്ത് എ.ടി.എസ് ഉദ്യോഗസ്ഥരാണെന്ന് അപ്പോഴാണ് മനസിലായത്.
അഹമ്മദാബാദിലെ ഷാഹിബാഗിലുള്ള അവരുടെ ആസ്ഥാനത്ത് വച്ച് ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ എത്തി ഒരു ദിവസം കൂടി എന്നെ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശിച്ചു. ലജ്പത് നഗറില്‍ സ്‌ഫോടനമുണ്ടായിട്ടുണ്ട്. അതിലെ പ്രതിയാക്കാന്‍ അവര്‍ക്ക് കശ്മീരിയെ വേണം. 14 ദിവസം തന്നെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചു. താന്‍ പാകിസ്താനിയാണെന്നാണ് അവര്‍ മറ്റെല്ലാവരോടും പറഞ്ഞത്. വേഗത്തില്‍ എഫ്.ഐ.ആര്‍ തയാറാക്കി സബര്‍മതി ജയിലിലയച്ചു.
നിരപരാധിയാണെന്നറിയാമെന്നും കള്ളക്കേസെടുക്കില്ലെന്ന് ഉറപ്പാക്കാമെന്നും പൊലിസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ പൊലിസ് 14 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി.
എട്ടു ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ കൊണ്ടുപോയി ലജ്പത് നഗര്‍ സ്‌ഫോടന കേസില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ ഡല്‍ഹി പൊലിസിന് കൈമാറി. ഇവിടെ നിന്ന് തിഹാര്‍ ജയിലിലേക്ക് അയച്ചു. 1998ല്‍ സ്റ്റേഡിയം സ്‌ഫോടന കേസില്‍ നിന്ന് എന്നെ മാറ്റി മറ്റാരുടെയോ മേല്‍ കുറ്റം ചുമത്തി.
താന്‍ കശ്മീരിയാണെന്ന് മനസിലാക്കിയ ഗുജറാത്ത് കോടതി 2008ല്‍ പാകിസ്താനി ഭീകരനെന്ന പരാമര്‍ശം കുറ്റപത്രത്തില്‍ നിന്ന് നീക്കി. തനിക്ക് ആരോടും പകയില്ലെന്നും എന്നാല്‍ തന്റെ ജീവിതത്തിലെ 23 വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കേണ്ട പലതും തകര്‍ക്കപ്പെട്ടു പോയെന്നും ഗനി വ്യക്തമാക്കി. മാതാവ് മരിക്കുമ്പോള്‍ പോലും കാണാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."