മട്ടന്നൂരിന്റെ കുരുക്കഴിക്കാന്‍ ബൈപാസ് വേണം
ഫായിസ് പുന്നാട്
മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളം ഡിസംബറില്‍ തുറന്നുകൊടുക്കാനിരിക്കേ എളുപ്പത്തില്‍ വിമാനത്താവളത്തിലെത്തേണ്ട ബൈപാസ് റോഡ് നിര്‍മാണ പദ്ധതികള്‍ എങ്ങുമെത്തിയില്ല. കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ഇരിട്ടി, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നുമൊക്കെ വിമാനത്താവളത്തില്‍ എത്തണമെങ്കില്‍ മട്ടന്നൂര്‍ നഗരംചുറ്റി വരേണ്ട അവസ്ഥയാണ്. ഇതിനായി മൂന്നോ നാലോ ബൈപാസ് റോഡുകള്‍ നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനുവേണ്ട നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. പാനൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കായി നിടുവോട്ടുംകുന്ന് കനാല്‍ റോഡ് വഴി വിമാനത്താവളത്തിലേക്കുള്ള ബൈപാസ് റോഡ് നിര്‍മാണം നഗരസഭ ആലോചിച്ചെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ പ്രദേശത്തെ കനാല്‍ പഴശ്ശി പദ്ധതിയുടെ അധീനതയിലായതിനാല്‍ സ്ഥലം വിട്ടുനല്‍കുന്നതിനുള്ള തടസമാണ് പഴശ്ശി കനാല്‍-വിമാനത്താവള ബൈപാസ് റോഡ് നിര്‍മാണം വൈകുന്നത്. ഇവ യാഥാര്‍ഥ്യമായാല്‍ മട്ടന്നൂര്‍ നഗരത്തിലെത്താതെ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തില്‍ എത്താനാകും.
ഇരിട്ടിയില്‍നിന്ന് കോടതി ഇറിഗേഷന്‍ ഓഫിസ് റോഡ് വഴി മട്ടന്നൂര്‍ ജങ്ഷനിലെത്താതെ തലശ്ശേരി റോഡിലെത്താനുള്ള ബൈപാസ് റോഡിനായി നഗരസഭ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് തടസം. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്കായി എടയന്നൂര്‍, കാനാട്, കീഴല്ലൂര്‍ വഴി ബൈപാസ് റോഡ് ഒരുക്കാം. കൊതേരി നാഗവളവില്‍നിന്ന് നേരിട്ട് അഞ്ചരക്കണ്ടി റോഡിലേക്ക് എത്താനുള്ള റോഡും നിര്‍മിക്കാവുന്നതാണ്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, നടുവില്‍, ആലക്കോട് തുടങ്ങിയ മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മട്ടന്നൂര്‍ മരുതായി ജങ്ഷനിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ വിമാനത്താവളത്തിലെത്താന്‍ കൊക്കയില്‍, വായാന്തോട് റോഡ് ബൈപാസാക്കി മാറ്റാനുള്ള നടപടിയും നഗരസഭ ആലോചിച്ചേക്കും.
ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നഗരംചുറ്റാതെ തന്നെ കോളജ് റോഡില്‍ പ്രവേശിക്കാനുള്ള റോഡാണ് മട്ടന്നൂരിലെ നിലവിലുള്ള ഏക ബൈപാസ് റോഡ്. എന്നാല്‍ ഇതു തകര്‍ന്നിട്ട് മാസങ്ങളായി. വായാന്തോട് മുതല്‍ വിമാനത്താവളം വരെ വീതികൂട്ടി നവീകരിച്ചതാണു മട്ടന്നൂര്‍ മേഖലയില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടായ ഏക റോഡ് വികസനം.
കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി, അഞ്ചരക്കണ്ടി, മട്ടന്നൂര്‍ റോഡുകള്‍ മെക്കാഡം ടാറിങ് നടത്തിയതല്ലാതെ വീതി കൂട്ടിയില്ല. കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് വികസിപ്പിക്കുന്നതിനുപകരം കണ്ണൂരില്‍നിന്ന് വിമാനത്താവളത്തിലേക്കു പുതിയ റോഡ് നിര്‍മിക്കുന്നതാണ് ലാഭകരമെന്നു വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് എന്ന ആശയം ഉയര്‍ന്നെങ്കിലും സ്ഥലമെടുപ്പ് പ്രയാസകരമായതിനാല്‍ മരവിച്ച മട്ടാണ്. ഗള്‍ഫ് നാടുകളില്‍നിന്നു മട്ടന്നൂരിലേക്കു മണിക്കൂറുകള്‍ക്കകം പറന്നിറങ്ങാന്‍ കഴിയുമെന്നിരിക്കേ അവിടെനിന്നു ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രക്കാര്‍ റോഡില്‍ മണിക്കൂറുകള്‍ ചെലവിടേണ്ടി വരുമെന്നതാണു നിലവിലെ സാഹചര്യം. ഇപ്പോള്‍ വാഹന ബാഹുല്യംകൊണ്ട് പൊറുതിമുട്ടുന്ന നഗരമാണ് മട്ടന്നൂര്‍. ഇതുകാരണം വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ നഗരംകടന്ന് നാടുപിടിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."