മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേയുള്ള അതിക്രമം; എസ്.ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ എസ്.ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കണം. തങ്ങളുടെ അധികാര പരിധിയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ അതത് പൊലിസ് സ്റ്റേഷനുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
ഓരോ പൊലിസ് സ്റ്റേഷന്‍ പരിധിയിലും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശിക്കണമെന്നും എന്തെങ്കിലും കാരണവശാല്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരെ ഫോണില്‍ ബന്ധപ്പെട്ട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും വേണം. അതുസംബന്ധിച്ച് പൊലിസ് സ്റ്റേഷനില്‍ രേഖകള്‍ സൂക്ഷിക്കുകയും വേണം. പൊലിസ് സ്റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സേവനം ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കും. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി ദിവസങ്ങളില്‍ ജില്ല, സബ് ഡിവിഷന്‍ തലങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ പരാതികള്‍ കേട്ട് പരിഹാരം കാണുന്നതിന് സംവിധാനം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നതിനായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം തൃശൂര്‍ സിറ്റിയിലും ടെലിഫോണ്‍ റിസീവര്‍ നിശ്ചിതസമയം ഉയര്‍ത്തിപ്പിടിച്ചാല്‍ അടുത്ത പൊലിസ് സ്റ്റേഷനില്‍ കാള്‍ ലഭിക്കുന്ന ഹോട്ട്‌ലൈന്‍ ടെലിഫോണ്‍ സിസ്റ്റം കോട്ടയം ജില്ലയിലും നടപ്പാക്കിയിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."