HOME
DETAILS

ഫാസിസത്തിലെ കൊലവിളികളും ഭയം ഗ്രസിച്ച ജനപഥങ്ങളും

  
backup
July 28 2019 | 20:07 PM

facism-article-by-p-surendran-29-07-2019

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതോടെ ഫാസിസത്തിന്റെ പ്രയോഗരീതികള്‍ അതിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ സാഹചര്യത്തില്‍ ആശയരൂപീകരണം നടത്തുന്ന ശ്രമങ്ങളാണ് കൂടുതലും സംഭവിച്ചത്. ആര്‍.എസ്.എസ് ആകട്ടെ അത് തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ബി.ജെ.പി നടത്തിയത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിയാനുള്ള പരീക്ഷണങ്ങളായിരുന്നു. വലിയ പ്രതിരോധങ്ങള്‍ മതേതര ശക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. ഇനിയങ്ങോട്ട് രാക്ഷസീയമായ വംശീയ ഫാസിസത്തിന്റെ പ്രയോഗകാലമാണ് വരാനിരിക്കുന്നത്. അതിന്റെ ഇരകളായി മാറാന്‍ പോകുന്നത് ആരൊക്കെയാകുമെന്ന് ഒരു നിശ്ചയവുമില്ല. നിശബ്ദമായിരിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതു മാത്രമാകും പോരാളികളുടെ മുന്‍പിലുള്ള വഴി എന്നുവരും.

പോരാളികളെ സംരക്ഷിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അത്യന്തം ശിഥിലമാണ്. വലിയ പ്രത്യയശാസ്ത്രമൊന്നും അവര്‍ക്കു മുന്‍പിലില്ല. ചെറിയ ഇടങ്ങളില്‍ അധികാരം നിലനിര്‍ത്തുക എന്നതു മാത്രമാണ് ലക്ഷ്യം. ബി.ജെ.പിയെ പ്രതിരോധിക്കുക എന്ന ആശയം മുന്നോട്ടുവയ്ക്കുമെങ്കിലും ഒറ്റയ്ക്കുനിന്ന് പ്രതിരോധിക്കും എന്ന വീമ്പുപറച്ചിലാണ് അസഹനീയം. സി.പി.എം നടത്തുന്നതും ആ തറവാടിത്ത ഘോഷണമാണ്. കേരളത്തില്‍ ഒരു സീറ്റിലൊതുങ്ങിയപ്പോഴും പരാജയം സമ്മതിച്ച് തിരുത്താന്‍ ശ്രമിക്കുകയല്ല ചെയ്യുന്നത്. കനല്‍ ഒരു തരി മതിയെന്ന തള്ള് പറഞ്ഞുനടക്കുകയാണ്. സി.പി.എം ഉള്ള സ്ഥലത്ത് ബി.ജെ.പി വളരില്ല എന്നതായിരുന്നു ഇത്രയും കാലത്തെ അവരുടെ സിദ്ധാന്തം. പക്ഷേ അവരുടെ ക്യൂബയായിരുന്ന ത്രിപുര കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ടാണ് ബി.ജെ.പി കൈക്കുടന്നയില്‍ കോരിയെടുത്ത് കൊണ്ടുപോയത്. സ്വന്തം അണികളെ ബി.ജെ.പി വിരുദ്ധമായ പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു.

ബംഗാളില്‍ അവര്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചത് മമതയെയാണ്. അതുകൊണ്ടാണ് മമത പിടിച്ചടക്കിയ പാര്‍ട്ടി ഓഫിസുകള്‍ തിരിച്ചുപിടിക്കാന്‍ സി.പി.എം ബി.ജെ.പിയുടെ സഹായം തേടാന്‍ ശ്രമിച്ചത്. മമതയും ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടും എന്ന വീമ്പുപറയുകയാണ്. ബി.ജെ.പി വിരുദ്ധരായ മറ്റു ജനാധിപത്യ ശക്തികളോട് തികഞ്ഞ അസഹിഷ്ണുതയാണവര്‍ക്ക്. ഇപ്പോള്‍ അവരുടെ കാല്‍ക്കീഴില്‍നിന്ന് മണ്ണ് ഒഴുകിപ്പോകുന്നത് ബി.ജെ.പിയുടെ തീരത്തേക്കാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ അങ്ങേയറ്റം ഹതാശമാണ്. എക്കാലത്തും അധികാരത്തിന്റെ തണലില്‍ കഴിഞ്ഞവരാണവര്‍. പ്രതിപക്ഷ പോരാട്ടത്തിന്റെ രീതികള്‍ അവര്‍ മറന്നുപോയിരിക്കുന്നു. അവരുടെ വോട്ട് ഷെയര്‍ ആത്ര മോശമൊന്നുമല്ല. കോണ്‍ഗ്രസിനു വോട്ട് ചെയ്ത ജനതയെ വച്ച് പാര്‍ലമെന്റിന് പുറത്ത് മഹാസമരങ്ങള്‍ സംഘടിപ്പിക്കുകയേ ഇനി രക്ഷയുള്ളൂ.

എന്നാല്‍ സമരമെന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മറന്നുപോയ വാക്കാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംഘടിപ്പിക്കാനുള്ളതല്ല റാലികള്‍. നീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളില്‍ ജനങ്ങളുടെ പ്രത്യാശയായി റാലി മാറണം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മിക്കവാറും നിശബ്ദരാണ്. അവര്‍ ഏതൊക്കെയോ നിഴലുകളെ ഭയപ്പെടുന്ന പോലെ തോന്നും. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് നമ്മള്‍ കണ്ടത് രാഹുല്‍, പ്രിയങ്ക എന്ന രണ്ട് മീന്‍കുഞ്ഞുങ്ങള്‍ മുതലക്കെതിരേ പോരാടുന്നതാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരെയും എം.പിമാരെയും ഇപ്പോള്‍ ബി.ജെ.പി വിലക്കുവാങ്ങുന്നത് ഒരു സൂചനയാണ്, വിശ്വാസ്യതയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വരുത്തിത്തീര്‍ക്കുക. പിന്നെയെല്ലാം എളുപ്പമാണ്. അണികളും താനെ ബി.ജെ.പിയില്‍ എത്തിക്കോളും. കോണ്‍ഗ്രസ് പാര്‍ട്ടിയെ വെല്ലുവിളി ഉയര്‍ത്തുന്ന പര്‍വതമായി ഇപ്പോഴും ബി.ജെ.പി കാണുന്നുണ്ട്. ഇടതുപക്ഷം അടക്കമുള്ള പാര്‍ട്ടികളെ അവര്‍ അങ്ങനെ കാണുന്നില്ല. ഒറ്റ രാത്രി കൊണ്ട് ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കാവുന്ന അഥവാ നീക്കം ചെയ്യാവുന്ന മണ്‍കൂനകള്‍ മാത്രമാണ് ബി.ജെ.പിക്ക് അത്തരം പാര്‍ട്ടികള്‍.

സി.പി.എം അഹങ്കരിച്ചുനടന്ന ത്രിപുര അത്തരമൊരു ബോധ്യമാണ്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരു മണ്‍കൂന മാത്രമായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ല. ബി.ജെ.പിയില്‍നിന്ന് ഭരണം തിരിച്ചുപിടിക്കുന്ന ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മടങ്ങിവരാനുള്ള സാധ്യത വിരളമാണ് എന്ന തിരിച്ചറിവ് മതേതര ഭാരതത്തിന്റെ വേദനയാണ്. മതേതര ശക്തികള്‍ അവരുടെ ഭൂതകാല ശത്രുതയും കുടിപ്പകയും മറന്നേ പറ്റൂ. ഐക്യത്തിന്റെ വിശാലമായ ഇടങ്ങളില്‍നിന്ന് ഫാസിസ്റ്റ് പ്രതിരോധങ്ങള്‍ രൂപപ്പെടണം.

കലാകാരന്മാര്‍ക്കു നേരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി കണക്കിലെടുക്കാതെ സാംസ്‌കാരിക സാഹചര്യങ്ങള്‍ വിലയിരുത്തുകവയ്യ. ഫാസിസ്റ്റ് വേട്ടയുടെ തുടര്‍ച്ചയില്‍ അവര്‍ അടൂര്‍ ഗോപാലകൃഷ്ണനെയും ടാര്‍ജറ്റ് ചെയ്തു എന്നേയുള്ളൂ. യു.ആര്‍ അനന്തമൂര്‍ത്തിക്ക് അവര്‍ പാകിസ്താനിലേക്ക് ടിക്കറ്റ് അയച്ചുകൊടുത്തത് മറക്കാറായില്ല. ഒന്നല്ല നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്.

ചരിത്രവിരുദ്ധവും സാംസ്‌കാരിക വിരുദ്ധവും മനുഷ്യത്വ രഹിതവുമായ നുണകള്‍കൊണ്ട് പടുത്തുകെട്ടുന്നതാണ് പൊതുവെ ഫാസിസ്റ്റുകളുടെ ആശയലോകം. വംശീയ ദേശീയത നിര്‍മിച്ചെടുക്കാന്‍ നുണയാണ് ഫാസിസ്റ്റുകളുടെ ഇന്ധനം. ജയ്ശ്രീറാം വിളിയെ അവര്‍ വ്യാഖ്യാനിക്കുന്നത് നോക്കിയാല്‍ ഇതു കാണാന്‍ പറ്റും. ജയ്ശ്രീറാം വിളിക്കു നേരെ ഒരു കലാകാരനും ഇന്ത്യയില്‍ അസഹിഷ്ണുവായിട്ടില്ല.

ജയ്ശ്രീറാം എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്. ഇതര മതവിശ്വാസികള്‍ക്ക് അത് സ്വീകാര്യമല്ല. ഹിന്ദു വിഭാഗത്തില്‍ തന്നെ ഇത് അസ്വീകാര്യമായി കാണുന്നവരുണ്ട്. ഇന്ത്യയില്‍ വിഗ്രഹാരാധകരായ എത്രയോ ഗോത്രവര്‍ഗക്കാരുടെയും ദലിതുകളുടെയും ആരാധനാ വിഗ്രഹമല്ല രാമന്‍. ബഹുസ്വരതയെ സംഘ്പരിവാര്‍ അംഗീകരിക്കില്ല. ഹിന്ദുമതം അവര്‍ തീരുമാനിക്കുകയും അവരുടെ ഹിന്ദുരാഷ്ട്രം പടുത്തുകെട്ടുകയുമാണ്. അതിനു പുറത്തുള്ള മറ്റെല്ലാ വിശ്വാസധാരകളും മായ്ച്ചുകളയണം അവര്‍ക്ക്. മറ്റുള്ളവരെക്കൊണ്ട് ബലമായി, ഭീഷണി ഉയര്‍ത്തി ജയ്ശ്രീറാം വിളിപ്പിക്കുമ്പോള്‍, വിളിക്കാത്തവരെ മര്‍ദിക്കുമ്പോള്‍, കൊന്നുതള്ളുമ്പോള്‍ ജയ്ശ്രീറാം കൊലവിളിയായി മാറുന്നു. ഇതിനെയാണ് അടൂര്‍ ഗോപാലകൃഷ്ണ്‍ അടക്കമുള്ള മഹാപ്രതിഭകള്‍ എതിര്‍ത്തത്.

സംഘ്പരിവാറുകാര്‍ക്ക് ഏത് മുദ്രാവാക്യവും വിളിക്കാം. മറ്റുള്ളവരും അത് വിളിക്കണമെന്ന ഫാസിസ്റ്റ് ശാഠ്യമാണ് പ്രശ്‌നം. ഭാരതത്തിന്റെ പൈതൃകം മറ്റെല്ലാ മതങ്ങളുടെയും മതരഹിതരുടെയും സര്‍ഗാത്മകതയിലൂടെ രൂപപ്പെട്ടതാണ്. ഇന്ത്യയുടെ കലയുടെയും സാഹിത്യത്തിന്റെയും ചരിത്രം ഈ ബഹുസ്വരതയാണ്. ബഹുസ്വരതയുടെ നേരെ ഫാസിസ്റ്റുകള്‍ അസഹിഷ്ണുക്കളാകുന്നു.

എന്നാല്‍ ഭയപ്പെടുത്തുന്ന കാര്യമാണ് സംഘ്പരിവാറിന് സ്വീകാര്യത വര്‍ധിക്കുന്നത്. സംഘ്പരിവാറിനെ പ്രതിരോധിക്കുന്ന എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറ്റ് കലാകാരന്മാരെയും പ്രതിരോധിക്കാന്‍ മറ്റൊരു സംഘത്തെ അവര്‍ വിലക്കുവാങ്ങുന്നു. അങ്ങനെ ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക മഹാസഖ്യത്തെയും ശിഥിലമാക്കുന്നു. കര്‍ണാടകത്തിലും ഗോവയിലുമൊക്കെ നടത്തുന്ന രാഷ്ട്രീയ തന്ത്രം സാംസ്‌കാരിക രംഗത്തേക്കും വ്യാപിപ്പിക്കുന്നു. ഭയപ്പെടുത്തുന്ന 'സഫ്‌റോണ്‍ ഓപറേഷന്‍'. ജാഗ്രത പാലിച്ചേ മതിയാകൂ.

കേരളത്തിലും സാംസ്‌കാരിക അന്തരീക്ഷം അത്രകണ്ട് ശുഭകരമല്ല. മുതിര്‍ന്ന എഴുത്തുകാരും കലാകാരന്മാരും ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും കുറ്റകരമായ നിശബ്ദതയിലാണ്. അവരുടെ റിപ്പബ്ലിക്കുകളും സംഘ്പരിവാര്‍ ഭീതിയുടെ പുതപ്പ് വിരിച്ചുകഴിഞ്ഞു. കേരളത്തിലെങ്കിലും ആധിപത്യമുള്ള ഇടതു സാംസ്‌കാരിക ധാരയ്ക്കും അവരുടെ അസഹിഷ്ണുതയാല്‍ വല്ലാതെ പരുക്കേറ്റു. വിയോജിക്കുന്നവരെ വേട്ടയാടുന്നതില്‍ സംഘ്പരിവാര്‍ മാര്‍ഗം തന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്. പൈശാചികമായ അസഹിഷ്ണുതയുടെ ഇരകളാണ് ഗൗരി ലങ്കേഷും ടി.പി ചന്ദ്രശേഖരനും. ഇവരെ കൊന്നുകളഞ്ഞ കൈകളുടെ നിറത്തിനേ വ്യത്യാസമുള്ളൂ. ഒഴുകിപ്പരന്ന ചോരയ്ക്കും കരച്ചിലിനും ഒരേ നിറമാണ്. ഇത് പറയുന്നവരെയൊക്കെ സംഘ്പരിവാറുകാരാക്കി മാറ്റും സി.പി.എമ്മുകാര്‍. ആ പാര്‍ട്ടിയിലെ സൈബര്‍ പോരാളികളും ഒരുപറ്റം എഴുത്തുകാരും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സംഘ്പരിവാറിന്റെ റിക്രൂട്ടിങ് ഏജന്റുമാരെ പോലെയാണ്. ഇത് സംഘ്പരിവാറിന് ഊര്‍ജം പകരുന്നു.

ഫാസിസത്തിനെതിരേ രൂപപ്പെടേണ്ട വിശാലമായ ഐക്യനിരകള്‍ ശിഥിലമാകുന്നു, ന്യൂനപക്ഷങ്ങളും ദലിതുകളും കൂടുതല്‍ അരക്ഷിതരാകുന്നു. നീതിയുടെ ഇടങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകുന്നു. കലാകാരന്മാരും എഴുത്തുകാരും കൃത്യമായ രാഷ്ട്രീയം പറയാന്‍ ഭയപ്പെടുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ പോലെ ലോകോത്തര പ്രതിഭകളെ വേട്ടയാടുന്നതും പ്രതിരോധങ്ങളെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ്. ആ പേടിയില്‍നിന്ന് വിമുക്തരായേ മതിയാകൂ. ഫേസ്ബുക്കില്‍നിന്ന് തെരുവിലേക്ക് ഇറങ്ങിനില്‍ക്കണം. തെരുവോരങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ സംവാദങ്ങള്‍ കൊണ്ട് പൂത്തുനിറയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago