ഭീകരപ്രവര്‍ത്തനം കാമറക്കു മുന്നില്‍ തുറന്നുപറഞ്ഞ് സനാതന്‍ സന്‍സ്ത
ന്യൂഡല്‍ഹി: രാജ്യത്തു വിവിധ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത, തങ്ങളുടെ ഭീകരപ്രവര്‍ത്തികള്‍ കാമറക്കു മുന്നില്‍ തുറന്നുപറയുന്നു. ഇന്ത്യാ ടുഡെയുടെ ഒളികാമറയ്ക്കു മുന്നില്‍ തങ്ങളുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയ സനാതന്‍ സന്‍സ്ത നേതാക്കള്‍ ബോംബുണ്ടാക്കുന്ന വിധം കാണിക്കുകയും ചെയ്യുന്നുണ്ട്. 2008ല്‍ ഗോവയിലെ വസായ് തിയറ്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയത് സംഘടനയാണെന്ന് സനാതന്‍ സന്‍സ്ത സമ്മതിക്കുന്നു. ഈ കേസില്‍ കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു.
താനെ, പന്‍വേല്‍, വസായ് എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിയത് താന്‍ തന്നെയാണെന്ന് മങ്കേഷ് ദിന്‍കര്‍ നിഗം എന്നയാള്‍ പറഞ്ഞു. ഈ കേസില്‍ മങ്കേഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന മറാത്തി സിനിമ പ്രദര്‍ശിപ്പിച്ചതിനാണ് തിയറ്റര്‍ ബോംബ് വച്ച് തകര്‍ത്തത്. 2000 മുതല്‍ താന്‍ സംഘടനയുടെ പ്രവര്‍ത്തകനാണ്. സിനിമയ്‌ക്കെതിരേ തങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തിയറ്ററില്‍ ബോംബ് വച്ചത്. ഇത്തരം ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്തത് മുംബൈ പന്‍വേലിലെ സംഘടനയുടെ ഓഫിസില്‍വച്ചാണ്- മങ്കേഷ് പറഞ്ഞു.
2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സനാതന്‍ സന്‍സ്തയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എ.ടി.എസ്) അന്വേഷണം നടത്തിയെങ്കിലും ബി.ജെ.പിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വഴിമുട്ടി. ബി.ജെ.പിയുടെ ഇടപെടല്‍ ഇല്ലായിരുന്നില്ലെങ്കില്‍ അന്നു തന്നെ സംഘടന നിരോധിക്കപ്പെടുമായിരുന്നുവെന്ന് പനവേലിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ സി.ആര്‍ പാട്ടീല്‍ വെളിപ്പെടുത്തി.
മഡ്ഗാവിലുണ്ടായതുപോലെ ഒന്‍പത് ബോംബ് സ്‌ഫോടനങ്ങള്‍ മഹാരാഷ്ട്രയിലുടനീളം നടന്നിരുന്നു. മഡ്ഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹരിബാഹു കൃഷ്ണ ദിവേകറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ റിവോള്‍വര്‍, ഡിറ്റനേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്, ഡിജിറ്റല്‍ മീറ്ററുകള്‍ തുടങ്ങിയവ പൊലിസിന് അദ്ദേഹം തന്നെ കൈമാറുകയുണ്ടായി. പൊലിസ് അതു കൊണ്ടുപോയെങ്കിലും ഗുരുതരമായ വകുപ്പുകള്‍ക്കു സാധ്യതയുള്ള ഈ ആയുധങ്ങള്‍ സൂക്ഷിച്ചതോ, കണ്ടെടുത്തതോ കുറ്റപത്രത്തില്‍ സൂചിപ്പിക്കുകയുമുണ്ടായില്ലെന്നും ഹരിബാവു പറഞ്ഞു.
ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ ഒരാളായ അമിത് ദേഗ്‌വേകാറിന്റെ വസതിയുടെ വിലാസം നല്‍കിയിരിക്കുന്നത് ഗോവയിലെ പനജിയിലുള്ള സന്‍സ്തയുടെ ആസ്ഥാനത്തിന്റെതാണെന്നും മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."