കന്നുകാലികളുടെ ചികിത്സ: മൃഗഡോക്ടറുടെ സേവനം രാത്രിയും ലഭ്യം
കാസര്‍കോട്: കന്നുകാലി പരിപാലനത്തിനും ചികിത്സക്കും ഇക്കുറി രാത്രിയിലും മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ മൃഗ സംരക്ഷണ ഓഫിസ് തീരുമാനിച്ചു. കാലവര്‍ഷം തുടങ്ങിയാല്‍ കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നിരവധി രോഗങ്ങള്‍ ബാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് രാത്രികാലങ്ങളില്‍ മൃഗ ഡോക്ടറെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാകാത്തതു കഴിഞ്ഞ കാലവര്‍ഷത്തില്‍ പരക്കെ പരാതിക്കിടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ എല്ലാ താലൂക്കുകളിലും രാത്രികാല പരിശോധനക്കു മാത്രമായി ഡോക്ടറെ നിയമിക്കാന്‍ തീരുമാനിച്ചതെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ശ്രീനിവാസന്‍ പറഞ്ഞു.
പകല്‍ സമയങ്ങളില്‍ മൃഗഡോക്ടര്‍മാരുടെ സേവനം എല്ലാ ക്ലിനിക്കുകളിലും ഉറപ്പു വരുത്തും. ഇവര്‍ക്കു പുറമേയാണു രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുക. താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും ഇത്തരം ഡോക്ടര്‍മാരുടെ നിയമനം. രാത്രികാലങ്ങളില്‍ മൃഗ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതു കന്നുകാലി കര്‍ഷകര്‍ക്കു വലിയ ആശ്വാസമാകും. വരും വര്‍ഷത്തില്‍ ജലാശയങ്ങളുള്ളിടത്തെല്ലാം താറാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസ് പദ്ധതി തയാറാക്കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ ജില്ലയെ താറാവിറച്ചിയുടെയും മുട്ടയുടെയും കാര്യത്തില്‍ സ്വയംപര്യപ്തമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കുട്ടികളില്‍ കന്നുകാലി വളര്‍ത്തലും പരിപാലിക്കലും പ്രോത്സാഹിപ്പിക്കാന്‍ വിദ്യാലയങ്ങളിലേക്കു പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും ഇക്കുറി കന്നുകാലി ഇന്‍ഷൂറന്‍സിനു മൃഗസംരക്ഷണ വകുപ്പ് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."