ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
തലശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന തലശേരി സ്വദേശിയായ വ്യാപാരിയുടെ വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെകൂടി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആമ്പല്ലൂര്‍ കള്ളിപ്പറമ്പില്‍ വീട്ടില്‍ ആല്‍വിന്‍ (31), പാലക്കാട് ആലത്തൂര്‍ സ്വദേശി ഷിജു ആന്റോ (39), തൃശൂര്‍ കൊടകര സ്വദേശി റിജീഷ് (34) എന്നിവരെയാണു സി.ഐ എം.പി ആസാദും സംഘവും തൃശൂരില്‍നിന്ന് പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.
വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംഘമാണു കേസില്‍ പിടിയിലായത്. തലശേരിയിലെ മത്സ്യ മൊത്തവ്യാപാരി സെയ്ദാര്‍പള്ളിക്കു സമീപം ജഗന്നാഥ ടെമ്പിള്‍ റോഡിലെ മജീദിന്റെ വീട്ടിലാണു മോഷണം നടന്നിരുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 20നു പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികള്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
പി.പി.എം ഗ്രൂപ്പ് ഉടമയായ മജീദിന്റെ വീട്ടില്‍ അഞ്ചംഗ സംഘമാണ് എത്തിയത്. ഈസമയം മജീദും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഷിജു ആന്റോ പൊലിസ് വേഷത്തിലാണു മജീദിന്റെ വീട്ടിലെത്തിയത്. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ആദായനികുതി ഉദ്യോഗസ്ഥരാണെന്നാണ് പരിചയപ്പെടുത്തിയത്. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം ഇവര്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു. സംഘം കൊണ്ടുവന്ന ഒരു ബാഗ് തിരിച്ചു കൊണ്ടുപോയില്ല. ഇതന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണു വീട്ടുടമയ്ക്ക് സംശയം തോന്നിയത്. പിന്നീട് മുറിപരിശോധിച്ചപ്പോഴാണ് പഴ്‌സില്‍ സൂക്ഷിച്ച 25,000 രൂപ നഷ്ടപ്പെട്ടതായി മനസിലായത്. ഇതേതുടര്‍ന്ന് മജീദ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
തലശേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫല്‍ മുഖേനയാണു പ്രതികള്‍ മജീദിന്റ വീട്ടില്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. കേസില്‍ തൃശൂര്‍ മാങ്കുളം സ്വദേശി പണപ്രാവിന്‍ വീട്ടില്‍ വിനു (36), കൊടകര സ്വദേശി കനകമലയില്‍ ചെള്ളാടന്‍വീട്ടില്‍ ദീപു (33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടില്‍ ലത്തീഫ് (42) തലശ്ശേരി ചിറക്കര സ്വദേശി കുല്‍ഷന്‍ ഹൗസില്‍ നൗഫല്‍ (36) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."