ബദല്‍ മാര്‍ഗങ്ങള്‍ പാളുന്നു; ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനാകാതെ നഗരം
ഗതാഗതക്കുരുക്ക് മൂലം സ്വകാര്യ ബസുകള്‍ക്ക് സമയത്ത് ഓടിയെത്താന്‍ കഴിയുന്നില്ല
കോട്ടയം: ഗതാഗതക്കുരുക്കില്‍ നിന്നും നഗരത്തെ രക്ഷിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പാളുന്നു. പുതിയ മാര്‍ഗങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബദല്‍ മാര്‍ഗം പ്രായോഗികമല്ലെന്നാണ് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ പറയുന്നത്. കൃത്യ സമയത്ത് ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ പറയുന്നു.
നാഗമ്പടം പാലത്തിലൂടെ നഗരത്തിലേക്ക് പ്രവേശിക്കുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ നാഗമ്പടം ട്രാഫിക്ക് ഐലന്‍ഡില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുര്യന്‍ ഉതുപ്പുവഴി ശാസ്ത്രി റോഡില്‍ പ്രവേശിച്ച് ബേക്കര്‍ ജങ്ഷന്‍ വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകുന്ന രീതിയിലാണ് ബസുകള്‍ തിരിച്ചു വിടുന്നത്. എന്നാല്‍ കുര്യന്‍ ഉതുപ്പ് റോഡില്‍ നിന്നു ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുണ്ടാകുന്ന കുരുക്കുമൂലം ബസുകള്‍ക്ക് യഥാസമയം സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയുന്നില്ല.
ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം നാഗമ്പടത്തു നിന്നും കെഎസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്‍ഡിലെത്തിയെത്തിയത്. കുരുക്കില്‍ അകപ്പെട്ടു കിടന്നിരുന്ന സര്‍വിസ് ബസുകള്‍ പലതും കുരുക്ക് ഒഴിവാക്കി പോകാന്‍ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കും.
ഗതാഗതക്കുരുക്ക് മൂലം സ്വകാര്യ ബസുകള്‍ക്ക് സമയത്ത് ഓടാന്‍ കഴിയുന്നില്ല. ചില ട്രിപ്പുകള്‍ മുടക്കുന്നതും കുരുക്കു മൂലമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എം.സി റോഡിലും കെകെ റോഡിലും ഗതാഗക്കുരുക്ക് രൂക്ഷമാകുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഏറ്റുമാനൂരില്‍നിന്നും മണര്‍കാട് ബൈപാസ് വഴി വാഹനങ്ങള്‍ തിരിച്ചുവിടാവുന്നതാണ്. മംഗളം ജങ്ഷനില്‍നിന്നും പുതിയ പാലത്തിലൂടെ ഇറഞ്ഞാല്‍, പാറമ്പുഴ വഴിയും വാഹനങ്ങള്‍ തിരിച്ചു വിടാം. ബൈ റൂട്ടുകളെ സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ലെന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."