ആര്‍ക്കും വേണ്ടാതെ കുടിവെള്ള പദ്ധതി; ഉപേക്ഷിക്കുമെന്ന് വാട്ടര്‍ അതോറിറ്റി
കാട്ടാക്കട: രണ്ടു പഞ്ചായത്തുകളുടെ നിസംഗത കാരണം വന്‍ കുടിവെള്ള പദ്ധതി ഉപേക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റി ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ പഞ്ചായത്തികളെ വിവരം അറിയിച്ചിട്ടും തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് പഞ്ചായത്തുകള്‍. ജലക്ഷാമം നേരിടുന്ന പൂവച്ചല്‍, കുറ്റിച്ചല്‍ പഞ്ചായത്തിനായി ചിട്ടപ്പെടുത്തിയ ജലഅതോറിറ്റിയുടെ ബൃഹത് കുടിവെള്ള പദ്ധതിയാണ് ഇല്ലാതാകാന്‍ പോകുന്നത്.
പൂവച്ചല്‍, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നാട്ടുകാര്‍ വെള്ളത്തിനായി നെട്ടോട്ടമാണ് ഓടിയത്. ഇതു മനസിലാക്കിയാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റി പദ്ധതി തയാറാക്കിയത്. മാത്രമല്ല ഇവിടുത്തെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടിയതിനാല്‍ ശുദ്ധജലമല്ലാത്തതിനാലാണ് വന്‍ പദ്ധതിയ്ക്കായി അതോറിറ്റി രൂപരേഖ തയാറാക്കിയത്. 36 കോടി ചിലവിലാണ് പദ്ധതി ചിട്ടപ്പെടുത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്ലാന്റ് ഉള്‍പ്പെയുള്ളവ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇത്.
പരാമാവധി ശുദ്ധീകരിച്ച് വിവിധ ഭാഗങ്ങളിലെ ചെറുസംഭരണികളില്‍ എത്തിച്ച് വിതരണം നടത്താനാണ് പരിപാടി. മണ്ണൂര്‍ക്കര-വീരണകാവ് പദ്ധതിയെന്നാണ് ഇതറിയപ്പെടുക. കരമനയാറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് അണിയിലകടവിലെ പ്ലാന്റില്‍ കയറ്റും.അവിടെ നിന്നും കുറ്റിച്ചലിലെ കരുപ്പോട്ടിച്ചിറ ഭാഗത്തെ സംഭരണിയില്‍ എത്തിക്കും. തുടര്‍ന്ന് ശുദ്ധീകരിക്കുന്ന ജലം രണ്ടു പഞ്ചായത്തുകളിലേയും വിവിധ ഭാഗങ്ങളില്‍ എത്തിക്കാനാണ് പരിപാടി. പദ്ധതിയ്ക്കാവശ്യമായ സ്ഥലം അതാത് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് ഏതാണ്ട് മൂന്ന് ഏക്കറോളം സ്ഥലം ആവശ്യമായിവരും. കാപ്പിക്കാട്, നാടുകാണി എന്നിവിടങ്ങളിലായിരിക്കും ടാങ്ക് സ്ഥാപിക്കുക. കരമനയാറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കരുപ്പട്ടി ചിറയിലാണ് ശേഖരിക്കുന്നത്.
ഇവിടെ വന്‍ പ്ലാന്റും മറ്റും സ്ഥാപിക്കണം. ഇതിനായി രണ്ടേക്കര്‍ സ്ഥലം ആവശ്യമുണ്ട്. പൂവച്ചലില്‍ ടാങ്ക് സ്ഥാപിക്കാനും മറ്റും രണ്ട് ഏക്കര്‍ സ്ഥലം വേണം. എന്നാല്‍ രണ്ടു പഞ്ചായത്തുകളും സ്ഥലം വാട്ടര്‍ അതോറിറ്റിയ്ക്ക് നല്‍കാത്തതാണ് പദ്ധതി ഇഴഞ്ഞുനീക്കാന്‍ കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. പൂവച്ചലില്‍ ദര്‍പ്പക്കാട് എന്ന ഭാഗത്ത് സ്ഥലം വാങ്ങി നല്‍കി. എന്നാല്‍ അതിന്റെ രേഖകള്‍ നല്‍കിയിട്ടില്ല. ഇവിടെ എത്തണമെങ്കില്‍ റോഡും വേണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കഴിയാത്ത നിലയാണ്. ഇവിടെ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് പാത നിര്‍മിച്ചു നല്‍കാന്‍ പല തവണ വാട്ടര്‍ അതോറിറ്റി നിര്‍ദേശിച്ചിട്ടും പൂവച്ചല്‍ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല. കുറ്റിച്ചല്‍ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ഒരു നടപടിയും എടുത്തില്ല.
മുന്‍പ് കോണ്‍ഗ്രസ് ഭരണസമിതിയാണ് ഇവിടെ ഭരിച്ചിരുന്നത്. ഉടന്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞിരുന്ന സമിതി അവിശ്വാസത്തിലൂടെ പുറത്തായി. പിന്നീട് വന്ന ഇടതുപക്ഷ ഭരണസമിതിയ്ക്ക് മുന്നില്‍ വാട്ടര്‍ അതോറിറ്റി നിര്‍ദേശം വച്ചു. എന്നാല്‍ അവരും കൈമലര്‍ത്തുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതി തങ്ങള്‍ എന്തിന് നടപ്പിലാക്കണമെന്നാണ് അവര്‍ ചോദിക്കുന്നത്. പഞ്ചായത്ത് വകയായി ഏക്കറുകണക്കിന് പുറമ്പോക്ക് ഭൂമി പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നിടത്തുണ്ട്. എന്നാല്‍ അത് ഏറ്റെടുത്ത് നല്‍കാന്‍ പഞ്ചായത്ത് ഒരു നടപടിയും എടുക്കുന്നില്ല.
പലരുടേയും കൈവശമാണ് ഈ ഭൂമി. പ്ലാന്റിന് ആവശ്യമായ സ്ഥലം നല്‍കാത്തിതിനാല്‍ പദ്ധതി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. അതോടെ അനുവദിച്ച പണം നഷ്ടമാകും. എന്നാല്‍ അടിയന്തിരമായി സ്ഥലം നല്‍കിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് അതോറിറ്റി പറയുന്നു. ഇതോടെ നാട്ടുകാര്‍ക്ക് ശുദ്ധജലം നല്‍കാനുള്ള വന്‍ പദ്ധതിയാണ് അധികൃതരുടെ കെടുകാര്യസ്ഥതമൂലം ഇല്ലാതാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."