പുതുക്കാട് ബസാര്‍ റോഡ് വികസനത്തിന് മൂന്ന് കോടി
പുതുക്കാട്: പുറമ്പോക്ക് കൈയേറ്റം തിരിച്ചുപിടിക്കണമെന്ന പുതുക്കാട് പഞ്ചായത്തിന്റെ ആവശ്യം പൊതുമരാമത്ത് വകുപ്പ് നിരാകരിച്ചതായി ആക്ഷേപം.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങള്‍ അളന്ന് തിരിച്ച് പിടിച്ച് ബസാര്‍ റോഡ് വീതി കൂട്ടണമെന്ന് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരിക്കുന്നു. ഇതിനായി വേണ്ട നടപടിയെടുക്കാന്‍ പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് അപേക്ഷയും നല്കി. ഇതേ തുടര്‍ന്ന് റോഡ് അളന്നു തിട്ടപ്പെടുത്താന്‍ കലക്ടര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനവും ഉള്‍പ്പെട്ട അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍, റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളുടെ സര്‍വേ നമ്പറുകള്‍ ശേഖരിക്കുന്ന പ്രാഥമിക നടപടികള്‍ മാത്രം നടത്തി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലംവിടുകയായിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട റവന്യു വകുപ്പിന്റെ സര്‍വേ സൂപ്രണ്ടിങ് വിഭാഗത്തില്‍ ജീവനക്കാരില്ലായെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് പൊതുമരാമത്ത് നല്‍കിയത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് ആലുവ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം പുതുക്കാട് ബസാര്‍ റോഡ് വികസനത്തിന് മൂന്ന് കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. നിലവിലെ റോഡില്‍ ഫുട്പാത്ത്, കാന, ടാറിംഗ്, വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് കട്ടവിരി എന്നിവയാണ് വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നിലവിലുള്ള റോഡില്‍ മൂന്ന് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ തിടുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കത്തിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. പുതുക്കാടിന്റെ ഏറെക്കാലത്തെ ആവശ്യമായ ബസാര്‍ റോഡ് വീതികൂട്ടിയുള്ള വികസനം നടപ്പിലാക്കാന്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി സി. രവീന്ദ്രനാഥ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസാര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ വകുപ്പിന്റെ സര്‍വേ വിഭാഗത്തിനെ ചുമതലപ്പെടുത്തിയതായും കൈയേറ്റം ഒഴിപ്പിക്കുന്നതിനു വേണ്ടിയുള്ള തുകയും ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നതെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."