മനുഷ്യാവകാശ കമ്മീഷനെ കാത്തുകാത്ത്; പ്രമേഹരോഗിയായിരുന്ന സുധീര്‍ യാത്രയായി
മണലൂര്‍: പ്രമേഹരോഗം ബാധിച്ച് കാല്‍ മുറിച്ചുമാറ്റി രും പരിചരിക്കാനോ ഭക്ഷണം നല്‍കാനോ ഇല്ലാതെ വീട്ടില്‍ നരകിച്ചു ജീവിച്ചയാള്‍ ആരുടേയും സഹായത്തിനു കാത്തുനില്‍ക്കാതെ യാത്രയായി. വെളുത്തൂര്‍ കോളനിയില്‍ പരേതനായ പോണലി കൊച്ചുരാമന്റെ മകന്‍ സുധീര്‍ (40) ആണ് മരിച്ചത്. മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്‌കരിച്ചു.
ഇദ്ദേഹത്തിനു സഹായം ലഭ്യമാക്കാന്‍ എന്തു ചെയ്യാനാകുമെന്ന് ആരാഞ്ഞുകൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നോട്ടീസ് അയയ്ക്കാന്‍ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. രോഗബാധിതയായ ഭാര്യ അമ്പിളി ചികിത്സയുമായി അവരുടെ കൊടുങ്ങല്ലൂരിലുള്ള വീട്ടില്‍ കഴിയുകയാണ്. ഈയിടെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളിക്ക് അടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ നടത്താനിരിക്കുകയാണ്.
കൊടുങ്ങല്ലൂര്‍ പള്ളിനട എം.ഐ.ആര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഇന്ദ്രജിത്തും അമ്മയുടെകൂടെയാണു കഴിയുന്നത്.
ചുമട്ടുതൊഴിലാളിയായ സുധീര്‍ ഏതാനും മാസമായി അസുഖംമൂലം വീട്ടില്‍ കിടപ്പിലായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹംമൂലം കാല്‍ മുറിച്ചു കളയേണ്ടി വന്നു. മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് അടുത്ത ബന്ധുക്കളും നാട്ടുകാരുമാണ് വീട്ടില്‍ എത്തിച്ചത്.
സുധീറിനു വഴിയാത്രക്കാരും അയല്‍ക്കാരുമാണ് ഭക്ഷണം നല്‍കിയിരുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരസഹായം വേണമെന്ന അവസ്ഥയായിരുന്നു. സുധീറിനു മനുഷ്യത്വപരമായ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകശ പ്രവര്‍ത്തകനായ വെളുത്തൂര്‍ സ്വദേശി സി.വി ദാസന്‍ വെള്ളിയാഴ്ചയാണു മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."