ഫ്രഞ്ച് ഓപണ്‍: നദാല്‍, ദ്യോക്കോ മൂന്നാം റൗണ്ടില്‍
പാരിസ്: പത്താം കിരീടം ലക്ഷ്യമിടുന്ന സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, നിലവിലെ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യക്കോവിച് എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍. അനായാസ വിജയങ്ങളാണ് രണ്ടാം റൗണ്ടില്‍ ഇരുവരും സ്വന്തമാക്കിയത്.
ഹോളണ്ടിന്റെ റോബിന്‍ ഹാസെയെ 6-1, 6-4, 6-3 എന്ന സ്‌കോറിനാണ് നദാല്‍ വീഴ്ത്തിയത്. ദ്യോക്കോവിച് ഇതേ സ്‌കോറില്‍ പോര്‍ച്ചുഗല്‍ താരം ജാവോ സൗസയെ പരാജയപ്പെടുത്തി. അതേസമയം ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങയെ അര്‍ജന്റീന താരം റെന്‍സോ ഒലിവേര അട്ടിമറിച്ചു. സ്‌കോര്‍: 7-5, 6-4, 6-7 (6), 6-4. ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക്ക് തീം മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ ഇറ്റാലിയന്‍ താരം സിമോണ്‍ ബോളെല്ലിയെയാണ് ഓസ്ട്രിയന്‍ താരം വീഴ്ത്തിയത്. സ്‌കോര്‍: 7-5, 6-1, 6-3. ഗോഫിന്‍, ദിമിത്രോവ് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം അഞ്ജലീക്ക് കെര്‍ബറെ അട്ടിമറിച്ച റഷ്യയുടെ ഏക്തറീന മകരോവ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. ഉക്രൈന്‍ താരം ലെസിയ സുരെങ്കോ 6-2, 6-2 എന്ന സ്‌കോറിന് മകരോവയെ വീഴ്ത്തി.
ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രെ ക്വിറ്റോവയ്ക്ക് രണ്ടാം റൗണ്ടില്‍ പരാജയം പിണഞ്ഞു. അമേരിക്കയുടെ ബെഥാനി മറ്റെക് സാന്റ്‌സ് ക്വിറ്റോവയെ പരാജയപ്പെടുത്തി. സ്‌കോര്‍: 7-6 (8-6), 6-4.
അമേരിക്കയുടെ വീനസ് വില്ല്യംസ് മൂന്നാം റൗണ്ടിലെത്തി. ജപ്പാന്‍ താരം കുറുമി നരയെ 6-3, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് വീനസ് വിജയിച്ചത്. സാമന്ത സ്റ്റോസര്‍, മെല്‍ഡനോവിച് എന്നിവരും മൂന്നാം റൗണ്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."