നെഹ്‌റുവില്‍നിന്ന് രാഹുലിലേക്കുള്ള ദൂരം
പി.കെ അന്‍വര്‍ നഹ
'ജവഹര്‍' എന്ന പദത്തിന്റെ അര്‍ഥം രത്‌നം എന്നാണ്. മൂല്യവത്തായതും ചതുരശ്രശോഭയുള്ളതുമായ രാഷ്ട്രീയ പക്വത, ചില സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നമുക്ക് കാണാം. സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം മുതല്‍ ആധുനിക ഇന്ത്യയുടെ പുരോഗതി ലക്ഷ്യമാക്കി അവതരിപ്പിച്ച പഞ്ചവത്സര പദ്ധതി വരെ ആ ഭരണ നിപുണതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതാവ് എന്ന നിലയിലാണ് നെഹ്‌റു ചരിത്രത്തിലും ജനമനസിലും സ്ഥാനം പിടിച്ചത്. ബ്രിട്ടീഷുകാരെ എതിര്‍ത്ത അതേ ഊക്കോടെ ഹിന്ദുരാഷ്ട്ര വാദികളെയും നെഹ്‌റു ചെറുത്തു തോല്‍പ്പിച്ചു. കുപ്രസിദ്ധമായ വിഭജനത്തിലൂടെ അപ്പുറത്ത് പാകിസ്താന്‍ ജന്മമെടുത്തപ്പോള്‍ ഇപ്പുറത്ത് സ്വാഭാവികമായും 'ഹിന്ദുസ്ഥാന്‍' രൂപപ്പെടുമെന്ന് ചിലരെങ്കിലും കരുതി. എന്നാല്‍ നെഹ്‌റു ഇന്ത്യ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് രാജ്യമാണെന്ന് പ്രാഖ്യാപിക്കുകയാണുണ്ടായത്. അത്തരത്തിലുള്ള നെഹ്‌റുവിന്റെ ദേശസ്‌നേഹം അന്നത്തെ ശത്രുക്കള്‍ വേഷം മാറിയും അല്ലാതെയും വന്ന് ചോദ്യം ചെയുമ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്യേണ്ടത് ഓരോ യഥാര്‍ഥ ഇന്ത്യക്കാരന്റെയും കടമയാണ്.
ആ കടമ നിര്‍വഹിക്കുന്നതിന് നേതൃത്വം നല്‍കാന്‍ നെഹ്‌റുവിന്റെ കുടുംബത്തില്‍നിന്നുള്ള ആള്‍തന്നെ വേണമെന്ന ധാരണയെ പൊളിച്ചടുക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റിനെ കണ്ടെത്തണമെന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്നത് അതാണ്. രാഹുല്‍ പറയുന്നു 'കോണ്‍ഗ്രസുകാരെ... ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, നരേന്ദ്രമോദി, അമിത്ഷാ ദ്വയങ്ങള്‍ കോണ്‍ഗ്രസിനെതിരേ അഥവാ രാജ്യത്തിനെതിരേ പുറത്തെടുത്ത കാര്യങ്ങള്‍ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്തു. നിങ്ങള്‍ അത്തരത്തിലുള്ള യാതൊരു മാനസികവ്യഥയും അനുഭവിച്ചതായി തോന്നുന്നില്ല. നമ്മുടെ ശക്തിയും ചൈതന്യവും ശത്രുവിനു ബോധ്യപ്പെട്ടത്രപോലും നിങ്ങള്‍ക്ക് സ്വയം ബോധ്യപ്പെട്ടിട്ടില്ല. നെഹ്‌റു കുടുംബം എല്ലാം സംരക്ഷിച്ചുകൊള്ളുമെന്നു തെറ്റിദ്ധരിച്ചു വലിയമരത്തിന്റെ താഴെ തണല്‍പ്പറ്റി നില്‍ക്കുന്ന ചെടികള്‍ക്ക് അധികം വളരാനാവില്ല. അതിനാല്‍ നിങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ ഞാനെന്ന വന്‍മരം ഇതാ തണല്‍ നീക്കുന്നു. നിങ്ങള്‍ തഴച്ചു വളരണം'.
നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് എങ്ങനെയെന്ന് 'ഇന്ത്യയെ കണ്ടെത്തല്‍' വായിച്ചാല്‍ അറിയും. ലോകചരിത്രം മനസിലാക്കാനും നെഹ്‌റുവേണം. ഖദറിനുള്ളില്‍ കാപട്യവും ആത്മാര്‍ഥതാരാഹിത്യവുമാണെന്നു വന്നാല്‍ അത് ചവിട്ടുപടിയാക്കി ശത്രു മുകളിലേക്ക് കയറും. സംഭവിച്ചിരിക്കുന്നത് അതാണ്. കോണ്‍ഗ്രസുകാരനായ പട്ടേലിന്റെ പിന്‍ഗാമി അതൊന്നുമല്ലാത്ത താനാണ് എന്ന് മോദി പ്രഖ്യാപിച്ചത് കോടികള്‍ മുടക്കി ലോഹപ്രതിമ സ്ഥാപിച്ചുകൊണ്ടാണ്.
കോണ്‍ഗ്രസിനെ ഈ വിധം നിഷ്‌ക്രിയമാക്കിയതുപോലെ ജനതാപാര്‍ട്ടിയുടെ പിന്‍മുറക്കാരും തങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവര്‍ യത്‌നിക്കുകയും വിജയിക്കുകയും ചെയ്തു. അതായത് കോണ്‍ഗ്രസ് കൂടുതല്‍ കോണ്‍ഗ്രസാകുന്നത് ബി.ജെ.പിയില്‍ എത്തുമ്പോഴാണ്. താങ്കള്‍ ചെയ്‌തോളു ഞങ്ങള്‍ മാറിനിന്ന് ആസ്വദിക്കാം എന്നുള്ള വിചാരഗതിയെയാണ് രാഹുല്‍ ഫലപ്രദമായി തടഞ്ഞിരിക്കുന്നത്. ഗാന്ധിയന്‍ സോഷ്യലിസവും കലര്‍പ്പില്ലാത്ത മതേതരത്വവും തങ്ങള്‍ കാട്ടിത്തരാം എന്ന് ബി.ജെ.പി പറയുമ്പോള്‍ ശരിയാണെന്നു ധരിച്ചു കോണ്‍ഗ്രസ് സ്വയം കുരുക്കിലേര്‍പ്പെടുന്നു. ആ കെട്ടുപാടുകള്‍ അഴിക്കൂ എന്നും രാഹുല്‍ പറയുന്നു.
ഹരിദ്വാറും വാരണാസിയും ഉള്‍പ്പെട്ട ഇന്നത്തെ ഉത്തര്‍പ്രദേശ് എന്ന പഴയ യുനൈറ്റഡ് പ്രോവിന്‍സില്‍ സനാതനികള്‍ എന്ന പേരില്‍ അറിയപ്പെട്ട സംഘടനയുടെ നേതൃത്വത്തില്‍ 1915ല്‍ ആരംഭിച്ച ഹിന്ദുരാഷ്ട്ര നിര്‍മാണമാണ് ഇന്ന് ഈ രീതിയില്‍ എത്തിനില്‍ക്കുന്നത്. ഈ കാലത്തിനിടയില്‍ കോണ്‍ഗ്രസും സ്വാതന്ത്ര്യ സമരവും മറ്റും ഈ ശ്രമത്തെ ഇതുവരെ എങ്ങനെ തടഞ്ഞു നിര്‍ത്തി എന്നറിയാതെ, അറിയിക്കാതെ തുടര്‍ തടയലിന് കഴിയില്ല. ഇല്ലാത്ത മുസ്‌ലിം ഭീഷണിയാണ് അവര്‍ എക്കാലത്തും ഉയര്‍ത്തിയത്. മുസ്‌ലിം ഭീഷണിയുടെ ആക്കം പെരുപ്പിച്ചുകാട്ടിയാണ് തൊട്ടു കൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും കൂടെ കൂട്ടിയത്. സാന്ദര്‍ഭികമായി ഗാന്ധി കോണ്‍ഗ്രസിലെത്തിയതോടെ ഹിന്ദുരാഷ്ട്ര വാദം ഹിന്ദുരാഷ്ട്രീയ വാദമായി പരിണമിക്കുകയും സര്‍വ സ്വീകാര്യമാകുകയും ചെയ്തു.
ആ സ്വീകാര്യതയ്ക്കിടയില്‍ ഒരു തന്ത്രത്തിലൂടെ ഹിന്ദുരാഷ്ട്രം പണിയാന്‍ ആകുമായിരുന്നില്ല. ഹിന്ദുമഹാസഭയും കോണ്‍ഗ്രസും ഒന്നായ സമയത്തെ കഥയാണിത്. 1930 ആയപ്പോഴേക്കും വി.ഡി സവര്‍ക്കര്‍ എന്ന മഹാരാഷ്ട്ര ബ്രാഹ്മണ നേതാവിന്റെ നേതൃത്വത്തില്‍ ഹിന്ദുമഹാസഭ സ്വതന്ത്രമായി. നിരീശ്വരവാദിയായിരുന്നു സവര്‍ക്കര്‍. വൈദിക പരമ്പരയിലൂടെ നിര്‍മിക്കപ്പെട്ടതാണ് ഹിന്ദു സ്വത്വം എന്ന് സവര്‍ക്കര്‍ വാദിച്ചു. ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനം ഈ സ്വത്വ നിര്‍മിതി തന്നെ. വംശീയ ദേശീയത അങ്ങനെയാണ് ഉണ്ടാകുന്നത്. അതിനെ വംശീയതയില്‍നിന്ന് മോചിപ്പിച്ചാലെ തനി ദേശീയത ജനിക്കൂ. 1925ല്‍ കേശവ് ബലറാം ഹെഗ്‌ഡെവാര്‍ നാഗ്പൂര്‍ ആസ്ഥാനമായി ആര്‍.എസ്.എസ് സ്ഥാപിക്കുന്നത് ഈ വംശീയദേശീയതയെ മുമ്പില്‍ കണ്ടുകൊണ്ടാണ്. രണ്ടാം വരവിലും മോദി സ്ഥാപിക്കാനൊരുങ്ങുന്നതും വംശീയ ദേശീയത തന്നെ.
1948 ജനുവരി 27ന് ഡല്‍ഹിയില്‍ ഹിന്ദുമഹാസഭ നടത്തിയ യോഗത്തില്‍ അതിന്റെ നേതാവായ വിഷ്ണു ഘനശ്യാം ദേശ്പാണ്ടവേ ഗാന്ധിയെ കണക്കറ്റ് കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ മൂന്നാം നാളാണ് ഗാന്ധി വധിക്കപ്പെടുന്നത്. ഇതൊക്കെ പശ്ചാത്തലമാക്കിയാണ് ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ് ഉത്തരവാദി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതു പറഞ്ഞതിന് അദ്ദേഹത്തിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഗതി ഇങ്ങനെയൊന്നുമല്ലെന്നും തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്നും തെളിയിക്കാന്‍ അവസരം ഒരുക്കുകയാണവര്‍.
വിഭജനത്തില്‍ ഇന്ത്യയില്‍തന്നെ തുടരാന്‍ തീരുമാനിച്ച മുസ്‌ലിം ന്യൂനപക്ഷത്തിന് നെഹ്‌റു എല്ലാ സുരക്ഷിതത്വവും വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ക്കിടയിലേക്ക് കോണ്‍ഗ്രസുകാരായി അഭിനയിച്ച് ആര്‍.എസ്.എസ് കടന്നു ചെല്ലുകയും പാകിസ്താനിലേക്ക് കുടിയേറുന്നതാണ് സുരക്ഷയ്ക്ക് നല്ലതെന്ന് ഉപദേശിക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ നെഹ്‌റു അത് തടയുകയും ആത്മരക്ഷയ്‌ക്കെന്ന പേരില്‍ ആര്‍.എസ്.എസുകാര്‍ കൈവശംവച്ചിരുന്ന തോക്കുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ഗാന്ധി വധത്തെതുടര്‍ന്ന് ആര്‍.എസ്.എസുകാരെ നിരോധിച്ചപ്പോള്‍, തങ്ങള്‍ക്ക് നിയമപരമായി നിലനില്‍ക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ച് നെഹ്‌റുവിന് ഗോള്‍വാള്‍ക്കര്‍ ഒരു കത്ത് എഴുതുകയുണ്ടായി. അതില്‍ കമ്മ്യൂണിസത്തിലേക്ക് യുവാക്കള്‍ ചേക്കേറി വഴിതെറ്റുന്നത് തടയാന്‍ സംഘം വേണം എന്നു കാണിച്ചിട്ടുണ്ടായിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിങ്ങളില്‍ നിന്നുണ്ടാകുന്നത് എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. ഇന്നും ഇതേ തന്ത്രം ആവര്‍ത്തിക്കുന്നു.
1952ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെ 489 സീറ്റുകളില്‍ 94 മണ്ഡലങ്ങളില്‍ ജനസംഘം മത്സരിച്ചു. 1951 ഓക്ടോബര്‍ 21 നാണ് ജനസംഘം രൂപീകൃതമാകുന്നത്. ജയിച്ചത് മൂന്ന് സീറ്റില്‍. അന്ന് ഹിന്ദുമഹാസഭയ്ക്ക് നാലും, രാമരാജ്യപരിഷത്തിന് മൂന്നും സീറ്റുകള്‍ കിട്ടി. അകാലിദള്‍, ജാര്‍ഖണ്ഡ് പാര്‍ട്ടി, തമിഴ്‌നാട് ടോയ്‌ലേഴ്‌സ് പാര്‍ട്ടി എന്നിവ കൂടിചേര്‍ന്ന് ലോകസഭയില്‍ 32 ഉം രാജ്യസഭയില്‍ പത്തും അംഗങ്ങളുള്ള നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് രൂപീകരിച്ചു എങ്കിലും മൊത്തം സംഖ്യയുടെ പത്തിലൊന്നു തികയാത്തതിനാല്‍ നിയമപ്രകാരം പ്രതിപക്ഷമായില്ല. ഈ പഴങ്കഥ ഇപ്പോള്‍ പുറത്തിട്ടത് ഒരു മുന്നൊരുക്കത്തിന്റെയും പരിചയത്തിന്റെയും കാര്യം അറിയിക്കാനാണ്.
ബി.ജെ.പി ഇപ്പോള്‍ 2024 ലെ തെരെഞ്ഞെടുപ്പിനെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയിട്ടുള്ളത്. ഹിന്ദിവാദം, ഗോവധം, അയോധ്യാസമരം, പാകിസ്താന്‍ ഭീഷണി തുടങ്ങിയ വൈകാരിക വിഷയങ്ങളായിരുന്നു ജനകീയ പ്രശ്‌നങ്ങളേക്കാളും പ്രാധാന്യത്തോടെ സംഘം ചര്‍ച്ച ചെയ്തത്. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തുണ്ടായിരുന്നു. ആ കരുത്ത് വീണ്ടെടുക്കാന്‍ സമയമായി എന്നാണ് രാഹുലിന്റെ രാജി പ്രസ്താവനയില്‍ നിഴലിക്കുന്നത്.
1989ല്‍ രണ്ട് സീറ്റില്‍ നിന്ന് 85 ലെത്തിയ ബി.ജെ.പി അംഗസംഖ്യയ്ക്കു പിന്നില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനെ നേരിടാന്‍ സാക്ഷാല്‍ ശ്രീരാമചന്ദ്രനെ കൊണ്ടുവന്നു. അദ്വാനി രഥം ഉരുട്ടി. അയോധ്യാപ്രശ്‌നത്തിലൂടെ തങ്ങളെ ഇന്ത്യ തനിച്ച് ഭരിക്കുന്ന പാര്‍ട്ടിയാക്കും എന്നു വിചാരിച്ചവര്‍ പത്തിമടക്കി. ഇപ്പോള്‍ ഇതൊന്നും ഇല്ലാതിരുന്നിട്ടും അധികാരത്തില്‍ വന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തില്‍ സംഘ്പരിവാരത്തിനല്ലാതെ മറ്റാര്‍ക്കും ആഹ്ലാദമില്ലെന്നതാണ് സത്യം. നേരിടാന്‍ തയാറാകുക കോണ്‍ഗ്രസേ. നിങ്ങളിലാണ് വിശ്വാസം. നിങ്ങളില്‍ എല്ലാ മതക്കാരുമുണ്ട്, മതമില്ലാത്തവരുണ്ട്, നിങ്ങളില്‍ നേതാക്കളുണ്ട് ഇത് കണ്ടെടുക്കാനും വീണ്ടെടുക്കാനും ഒരു അവസരം അഥവാ ഇടവേള തരികയാണ് രാഹുല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."