ഉയിഗുര്‍: തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി ചൈന
ബെയ്ജിങ്: മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ ഉയിഗുര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി ചൈനീസ് ഭരണകൂടം.
ഉയിഗുര്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങിലാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളുള്ളത്. മതവിശ്വാസത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തിനായുള്ള നിര്‍ബന്ധിത വിദ്യാഭ്യാസ കേന്ദ്രങ്ങളാണിത്.
തീവ്രവാദത്തെ നേരിടാനാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണിതെന്നും ഷിന്‍ജിയാങ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തടങ്കല്‍ കേന്ദ്രങ്ങള്‍ നിയമ വിധേയമാക്കിയ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ദേശീയ ഭാഷാ പഠനം, നിയമ സംവിധാനങ്ങള്‍, തീവ്രവാദവിരുദ്ധ വിദ്യാഭ്യാസം തുടങ്ങിയവ കേന്ദ്രങ്ങളില്‍ നല്‍കണമെന്ന് നിയമത്തില്‍ പറയുന്നു. മതാചാരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കല്‍, വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റിന്റെ വിദ്യാഭ്യാസം നല്‍കുന്നത് തടയുക തുടങ്ങിയവ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള കാരണങ്ങളാണ്.
തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉയിഗുറുകളെ വ്യാപകമായി പീഡിപ്പിക്കുന്നുണ്ടെന്നും പത്ത് ലക്ഷത്തോളം ഉയിഗുറുകള്‍ തടങ്കലിലുണ്ടെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
മതവിശ്വാസത്തെ തള്ളിപ്പറഞ്ഞ് പ്രസിഡന്റ് ജിന്‍പിങില്‍ വിശ്വസിക്കാനായി പ്രതിജ്ഞ ചെയ്യിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ തടങ്കല്‍ കേന്ദ്രങ്ങളിലുണ്ടെന്ന് തടവുകാരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."