മനുഷ്യക്കടത്ത് തടയാന്‍ സഊദി നിയമം ശക്തമാക്കുന്നു
ജിദ്ദ: തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവിലുള്ള മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നിയമങ്ങളും ചട്ടങ്ങളുമായി സഊദി.
ദേശീയതലത്തില്‍ തന്നെ സമഗ്രമായ പദ്ധതികള്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവിഷ്‌കരിച്ചു. ഏതൊരു വ്യക്തിക്കും മനുഷ്യക്കടത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിയമസംവിധാനങ്ങളാണ് സഊദിയിലേത്.
കുറ്റവാളികള്‍ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കും.നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു നല്‍കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. മനുഷ്യക്കടത്തിന് ഇരകളാകുന്നവര്‍ക്ക് ശാരീരിക, മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ചികിത്സ ലഭ്യമാക്കുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. സഊദി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷനില്‍ ആഭ്യന്തര, വിദേശകാര്യ, നീതിന്യായ, തൊഴില്‍, സാമൂഹിക വികസന, മാധ്യമ മന്ത്രാലയങ്ങളിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും രണ്ടു വീതം പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റി തന്നെ മനുഷ്യക്കടത്ത് ഉന്മൂലനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
നിര്‍ബന്ധിതാവസ്ഥയില്‍ സഊദിയിലെത്തിയെന്ന് സ്ഥിരീകരിക്കപ്പെടുന്ന കേസുകളില്‍ ഇരകളെ യാതൊരുവിധേനയും ബുദ്ധിമുട്ടിക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാന്‍ ഈ സമിതി ഊന്നല്‍ നല്‍കുന്നു.
വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് മനുഷ്യക്കടത്തിന്റെ ഇരകളെ കുറിച്ച് പഠിക്കുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്വന്തം നാടുകളിലേക്കോ അല്ലെങ്കില്‍ താല്‍പര്യപ്പെടുന്നപക്ഷം നേരത്തെ താമസിച്ചിരുന്ന നാടുകളിലേക്കോ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായെന്നോണം രാജ്യത്തെ മുഴുവന്‍ തൊഴിലുടമകളോടും വേതന സുരക്ഷാപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള വേതനം കൃത്യമായി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടോയെന്നും ഇതര വകുപ്പുകളുമായി ചേര്‍ന്നു നിരീക്ഷിച്ചുവരുന്നു. ഒരു ഗാര്‍ഹിക തൊഴിലാളി സഊദിയിലേക്ക് എത്തുന്നതു മുതല്‍ തിരിച്ചു സുരക്ഷിതമായി നാട്ടിലേക്കു മടങ്ങിപ്പോകുന്നതു വരെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന മുസാനിദ് പോര്‍ട്ടല്‍ മനുഷ്യാവകാശസംരക്ഷണത്തിന് സഊദി അറേബ്യ നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നുവെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."