കൊളത്തറ ചെറുപുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി വെള്ളവും മത്സ്യവും ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ഫറോക്ക്: ചാലിയാറിന്റെ കൈവഴിയായി കല്ലായി വരെ നീളുന്ന കൊളത്തറ ചെറുപുഴയില്‍ ലക്ഷക്കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി.
വ്യാഴാഴ്ച രാവിലെയാണ് കൊളത്തറ മേഖലയിലെ പുഴയോരവാസികള്‍ ചത്ത മത്സ്യം ഒന്നിച്ച് ഒഴുകുന്നത് കണ്ടത്. ചെറിയ രീതിയില്‍ പോലും വിഷാംശം കലര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടാവുന്ന ഇനം മത്സ്യങ്ങളാണ് ചത്തൊടുങ്ങിയവയിലേറെയും. സംഭവത്തില്‍ കോര്‍പറേഷനും ജില്ലാഭരണ കൂടവും അന്വേഷണം ആരംഭിച്ചു.
രാവിലെ മുതല്‍ കിലോമീറ്ററുകളോളം പരന്നൊഴുകി മത്സ്യങ്ങള്‍ രാത്രിയായിട്ടും തുടരുകയാണ്. പ്രദേശത്തെ ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് ദുരന്തനിവാരണ വിഭാഗത്തിന് പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ പരിശോധന ഫലം പുറത്ത് വരുന്നതു വരെ പുഴയിലെ വെള്ളവും മത്സ്യവും ഉപയോഗിക്കാന്‍ പാടില്ലെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഇതിനിടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ എം. മൊയ്തീനോടൊപ്പം വ്യാഴാഴ്ച രാത്രി പുഴക്കടക്കണ്ടി ക്ഷേത്രത്തിനു സമീപത്തും കൊളത്തറയിലെ വിവിധ സ്ഥലങ്ങളിലും പൂളക്കടവ് പാലത്തിനു സമീപത്തുമെത്തി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് പരിശോധിക്കാനെത്തി.
ഇവരോടൊപ്പം കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാറും സംഘവും കൂടിയുണ്ടായിരുന്നു. തഹസില്‍ദാര്‍ബാലന്‍, വില്ലേജ് ഓഫിസര്‍ പി.എം റഹീം തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ആശങ്കാകുലരായ നൂറുകണക്കിനു പേരാണ് രാത്രി പൂളക്കടവ് പാലത്തിനു സമീപമെത്തിയത്. കലക്ടറുടെ നിര്‍ദേശ പ്രകാരം സി.ഡബ്ല്യു.ആര്‍.ഡി.എം വിഭാഗവും രാത്രി തന്നെ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് പരിശോധന നടത്തി.
വെള്ളിയാഴ്ച കൊച്ചിയില്‍ നിന്ന് സെന്ററല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിലെ (സി.എം.എഫ്.ആര്‍.ഐ) വിദഗ്ധരെത്തി ചത്ത മത്സ്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."