പിടിമുറുക്കി ഓസീസ്
ലോര്‍ഡ്‌സ്: ആദ്യ ഇന്നിങ്‌സിലെ തനിയാവര്‍ത്തനവുമായി സ്റ്റീവ് സ്മിത്തും, ആദ്യ ഇന്നിങ്‌സിലെ പാഠമുള്‍ക്കൊണ്ട് മാത്യു വെയ്ഡും, രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റില്‍ ഓസീസിന് മികച്ച ലീഡ്. ഇന്നലെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഏഴു വിക്കറ്റിന് 487 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തതോടെ നാലാം ദിനമവസാനിക്കുമ്പോള്‍ ഓസീസിന് 397 റണ്‍സിന്റെ ലീഡായി. സ്‌കോര്‍ ഓസ്‌ത്രേലിയ 284,ഏഴിന് 487 ഡിക്ലയര്‍. ഇംഗ്ലണ്ട് 374. ഇന്നലെ ഓസീസിന്റെ ദിനമായിരുന്നു. രണ്ട് താരങ്ങളാണ് ഇന്നലെ മാത്രം സെഞ്ച്വറി കണ്ടെത്തിയത്. ഓസീസിനായി സ്മിത്ത് 142 റണ്‍സും വെയ്ഡ് 110 റണ്‍സും എടുത്തു. ഇംഗ്ലണ്ട് ബൗളിങില്‍ സ്റ്റോക്‌സ് മൂന്നും മൊയീന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു.
നാലാം ദിനം മൂന്നിന് 124 എന്ന റണ്‍സിന് കളി തുടര്‍ന്ന ഓസ്‌ട്രേലിയക്ക് വേണ്ടി സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ക്രീസില്‍ തമ്പടിച്ചുള്ള പോരാട്ടം തുടര്‍ന്നു. ഇരുവരും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ക്രീസില്‍ നിന്നുള്ള ചെറുത്തുനില്‍പ് തുടര്‍ന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വെള്ളം കുടിച്ചു. ഇതിനിടയില്‍ മുന്‍ ഓസീസ് നായകന്‍ തന്റെ അര്‍ധ ശതകവും കണ്ടെത്തി. 59 പന്തിലായിരുന്നു ഫിഫ്റ്റി. വീണ്ടും ഇംഗ്ലണ്ട് ബൗളര്‍മാരെ പരീക്ഷണത്തിന് വിധേയമാക്കി ഇരുവരും മെല്ലെപ്പോക്ക് തുടര്‍ന്നു. സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് പിന്നാലെ ഹെഡും അര്‍ധ സെഞ്ച്വറി അക്കൗണ്ടിലാക്കി. തൊട്ടുപിന്നാലെ ടീം സ്‌കോര്‍ 205ല്‍ നില്‍ക്കേ 53ാം ഓവറില്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന പന്തില്‍ കീപ്പര്‍ ബെയര്‍സ്റ്റോവിന് പിടിനല്‍കി ഹെഡ് മടങ്ങി. 51 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
തുടര്‍ന്നെത്തിയ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ചായിരുന്നു പിന്നീട് സ്മിത്തിന്റെ ഷോഓഫ്. ഇതിനിടെ സ്മിത്ത് ആദ്യ ടെസ്റ്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കി. 147 പന്തിലായിരുന്നു സെഞ്ച്വറി നേട്ടം. സ്മിത്തിനൊപ്പം മാത്യു വെയ്ഡ് കൂടി ഇംഗ്ലീഷ് ബൗളര്‍മാരെ പരീക്ഷിച്ചതോടെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 331ല്‍ നില്‍ക്കേ വോക്‌സിന്റെ പന്തില്‍ സ്മിത്ത് പുറത്തേക്ക്. ഇതോടെ കൂറ്റന്‍ സ്‌കോറിലേക്ക് കടക്കുമെന്ന ഓസീസ് ആരാധകരുടെ മോഹത്തിന് കോട്ടം തട്ടി. പക്ഷേ, വെയ്ഡ് ഏകദിന ശൈലിയില്‍ ബാറ്റേന്തിയതോടെ സ്‌കോര്‍ കുതിച്ചു. സ്മിത്തിന് ശേഷമെത്തിയ നായകന്‍ ടിം പെയിന്‍(34) കാര്യമായ സംഭാവന ടീമിന് നല്‍കാതെയാണ് പുറത്തായത്. തുടര്‍ന്നെത്തിയ നൈറ്റ് വാച്ചര്‍മാരായ പാറ്റിന്‍സനും(47) കുമ്മിന്‍സും (26) ഏകദിന ശൈലി പുറത്തെടുത്തതോടെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക് കുതിച്ചു. എന്നാല്‍ സ്‌കോര്‍ 487ല്‍ നില്‍ക്കേ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."