പ്രതിരോധ മന്ത്രി ഫ്രാന്‍സില്‍ പോയത് റാഫേല്‍ മൂടിവയ്ക്കാന്‍: രാഹുല്‍
ന്യൂഡല്‍ഹി: ഫ്രഞ്ച് സര്‍ക്കാരുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടിലുള്ള അഴിമതി മൂടിവയ്ക്കാനാണ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ഫ്രാന്‍സിലേക്കു പോയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഫ്രാന്‍സില്‍ പോയി അഴിമതി മൂടിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പ്രതിരോധമന്ത്രിയുടെ അസമയത്തെ ഫ്രഞ്ച് സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്നും രാഹുല്‍ ആരോപിച്ചു. കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തുവച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ചയാണ് പ്രതിരോധമന്ത്രി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോയത്. റാഫേല്‍ കരാറിനുള്ള പ്രതിഫലമാണ് അനില്‍ അംബാനിയെ പങ്കാളിയായി ഉള്‍പ്പെടുത്തിയതെന്ന് റാഫേല്‍ നിര്‍മാണ കമ്പനിയായ ദെസോള്ട്ടിന്റെ മുന്‍ ഉദ്യോഗസ്ഥന് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ താല്പര്യപ്രകാരമാണ് റിലയന്‍സ് കരാറിന്റെ ഭാഗമായതെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റും നേരത്തെ പറഞ്ഞു. ഇതെല്ലാം ഇടപാടില്‍ വലിയ അഴിമതി നടന്നുവെന്നതിനു തെളിവാണ്.
30,000 കോടി രൂപ അനില്‍ അംബാനിയ്ക്കു പോക്കറ്റിലാക്കാന്‍ സഹായം ചെയ്യുകയാണ് മോദി ചെയ്തത്. പ്രധാനമന്ത്രി രാജ്യത്തിന്റെ ചൗക്കീദാര്‍ (കാവല്ക്കാരന്) ആയിട്ടല്ല മറിച്ച് അനില്‍ അംബാനിയുടെ ചൗക്കിദാറായാണ് പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാരിന്റെ മറ്റു കരാറുകളിലും ഇത്തരത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്നു കൂടി പുറത്തുവരേണ്ടതുണ്ട്. ഇത് റാഫേലിന്റെ മാത്രം കാര്യമല്ല, പ്രതിരോധ മേഖലയുടെ മൊത്തം കാര്യമാണ്. ഇടപാടില്‍ തൃപ്തികരമായ മറുപടി നല്കാന് കഴിയില്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദവി ഒഴിയണം.
മോദി അഴിമതിക്കാരനാണെന്നു താന്‍ ആവര്‍ത്തിക്കുന്നു. വളരെ വ്യക്തമായ എല്ലാവര്ക്കും അറിയുന്ന കാര്യമാണത്. അഴിമതിക്കെതിരേ അദ്ദേഹം വലിയ പ്രചാരണം നടത്തുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. ഭാവിയില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയരുമെന്നു പറഞ്ഞ രാഹുല്‍ മോദിക്കെതിരേ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."