ബി.ജെ.പിയെ ഞെട്ടിച്ച് ജെ.ഡി.യു; കശ്മിര്‍ ബില്ലില്‍ സഖ്യകക്ഷി സഭ ബഹിഷ്‌കരിച്ചു
ന്യൂദല്‍ഹി: ബി.ജെ.പിയെ ഞെട്ടിച്ച് ജെ.ഡി.യു. ജമ്മു കശ്മിര്‍ വിഷയത്തില്‍ ലോക്‌സഭയിലെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോഴാണ് ജെ.ഡി.യു സഭ ബഹിഷ്‌കരിച്ചത്.
ഇന്നലെ രാജ്യസഭയിലും ജമ്മു കശ്മിരുമായി ബന്ധപ്പെട്ട ബില്ലുകളെ ജെ.ഡി.യു എതിര്‍ത്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കേണ്ടതില്ലെന്ന് ഇന്നലെ ജെ.ഡി.യു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കിയിരുന്നു.
ബിഹാറില്‍ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തിലെ നിലപാട് സഖ്യസര്‍ക്കാരിനെ ബാധിക്കുമോയെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും. 16 അംഗങ്ങളാണ് ജെ.ഡി.യുവിന് ലോക്‌സഭയിലുള്ളത്. രാജ്യസഭയിലാകട്ടെ, ആറും.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."