കൊളത്തറ ചെറുപുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം
ഫറോക്ക്: കൊളത്തറ ചെറുപുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിലെ ദുരൂഹത നീങ്ങിയില്ല. പുഴയിലെ വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നാലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാകാനിടായാക്കിയ കാരണം വ്യക്തമാവുകയെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സി.ഡബ്ല്യു.ആര്‍.ഡി.എം വിഭാഗം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി വെളളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവരുടെ പരിശോധന റിപ്പോര്‍ട്ടിനായാണ് കോര്‍പറേഷന്‍ അധികൃതര്‍ കാത്തിരിക്കുന്നത്. അതെ സമയം കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിദഗ്ധര്‍ ചത്ത മീനുകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തുമെന്നു അറിയിച്ചിരുന്നെങ്കിലും ഇവര്‍ ഇന്നലെ പരിശോധനക്കെത്തിയില്ല. വ്യാഴാഴ്ച രാവിലെയാണ് ചാലിയാറിന്റെ കൈവഴിയായ കൊളത്തറ ചെറുപുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മത്സ്യങ്ങള്‍ ചത്തു പൊങ്ങി രണ്ടുകിലോ മീറ്ററോളം ദൂരത്തിലാണ് പുഴയുടെ മുകള്‍ പരപ്പിലൂടെ ഏറെ നേരം ഒഴുകിക്കൊണ്ടിരുന്നത്. ചെറിയ രീതിയില്‍ പോലും വിഷാംശം കലര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടാവുന്ന ഇനം മത്സ്യങ്ങളാണ് ചത്തൊടുങ്ങിയവയിലേറെയും.
രാത്രി വൈകിയും ചത്ത മത്സ്യങ്ങളുടെ പുഴയിലൂടെയുളള ഒഴുക്ക് തുടര്‍ന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. തുടര്‍ന്നു പ്രദേശത്തെ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നു കലക്ടര്‍ യു.വി ജോസ് ദുരന്ത നിവാരണ വിഭാഗത്തിനോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെറുപുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. പുഴയില്‍ രാസപദാര്‍ത്ഥം കലര്‍ന്നതാകാം പെട്ടെന്ന് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓക്‌സിജന്‍ അംശം പുഴയില്‍ കുറവാണ്.പ്രദേശത്തെ വ്യവസായ സ്ഥാപനത്തില്‍ നിന്ന് പുറന്തള്ളുന്ന രാസവസ്തുവാണ് മീനുകള്‍ കൂട്ടത്തോടെ ചാകാനും വെള്ളം കറുത്ത നിറമാകാനും കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നഞ്ചും തുരിശും പുഴയില്‍ കലക്കി മീന്‍ പിടിക്കുന്നതായും പരാതിയുണ്ട്. നഞ്ച് പോലുളളവ കലക്കിയാലും ഇത്രയധികം മീനുകള്‍ ചത്തുപൊങ്ങില്ലെന്ന വിലയിരുത്തലുമുണ്ട്. രണ്ടാഴ്ചയായി കൊഴുത്ത കറുത്ത നിറമുള്ള വെള്ളമാണ് പുഴയിലുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചത്തു പൊങ്ങിയ മീനുകളെ ഫിഷറീസിന്റെ നേതൃത്വത്തില്‍ പുഴയില്‍ നിന്ന് നീക്കിയിട്ടുണ്ടെങ്കിലും പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമാണുള്ളത്. മഴകൂടി എത്തിയ സാഹചര്യത്തില്‍ പകര്‍ച്ചാവ്യാധി പേടിയിലാണ് പ്രദേശത്തെ ജനങ്ങള്‍.
വിദഗ്ധ സമിതിയുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ പുഴയിലെ വെളളവും മത്സ്യവും ഉപയോഗിക്കുന്നത് താല്‍ക്കാലികമായി ജില്ലാ ഭരണകൂടം തടഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."